പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് കുളപ്പുള്ളിയിൽ വിദേശമദ്യഷോപ്പ്

ഷൊർണൂർ: പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് കുളപ്പുള്ളിയിൽ ബിവറേജസ് കോർപറേഷ‍​െൻറ വിദേശമദ്യ ഷോപ്പും സ്വകാര്യ ബാറും പ്രവർത്തനമാരംഭിച്ചു. ഒരുമാസം മുമ്പ് ഷൊർണൂർ എസ്.എം.പി ജങ്ഷനിൽ ബാറും തൊട്ടടുത്ത് കള്ള് ഷാപ്പും പ്രവർത്തനമാരംഭിച്ചിരുന്നു. സംസ്ഥാനപാതക്ക് 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാവൂ എന്ന സുപ്രീംകോടതി വിധിയോടെ ഷൊർണൂർ, കുളപ്പുള്ളി ടൗണുകളിലെ എല്ലാ മദ്യശാലകളും പൂട്ടിയിരുന്നു. രണ്ട് ബാറുകളും രണ്ട് ബിയർ -വൈൻ പാർലറുകളും മൂന്ന് കള്ളുഷാപ്പുകളുമാണ് ടൗണിൽ പ്രവർത്തിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ഇനി ഒരു ബാറും ബിയർ പാർലറും മാത്രമേ തുറക്കാനുള്ളൂ. ഇവയിൽ ബിയർ പാർലർ ബാറാക്കി ഉയർത്താനുള്ള നടപടിക്രമങ്ങളും നടന്നു വരുന്നതായാണ് അറിയുന്നത്. കുളപ്പുള്ളിയിൽ പൂട്ടിയ ബിവറേജസ് കോർപറേഷ​െൻറ മദ്യശാല ഷൊർണൂർ ഗണേശ്ഗിരി ഭാഗത്തേക്ക് മാറ്റിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇത് മണിക്കൂറിനകം പൂട്ടിച്ചു. തുടർന്ന് ആറാണിയിലും കല്ലിപ്പാടത്തുമൊക്കെ സ്ഥാപിക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഷൊർണൂർ റെയിൽവേ സ് റ്റേഷന് മുന്നിലുള്ള ബാർ തുറന്ന് പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. ഈ ബാറും വൈകാതെ തുറക്കുമെന്നാണറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.