അട്ടപ്പാടിയിൽ മാവോവാദികൾ പിടിമുറുക്കുന്നതായി സൂചന

അഗളി: ഇടവേളക്ക് ശേഷം അട്ടപ്പാടി ആദിവാസി ഊരുകളിൽ മാവോവാദികൾ പ്രവർത്തനം ഊർജിതമാക്കുന്നു. പുതൂർ പഞ്ചായത്തിലെ മേലേ ഭൂതയാർ, നീലഗിരി വനമേഖലയിൽ ഉൾപ്പെടുന്ന ഊരടം തുടങ്ങിയ പ്രദേശങ്ങളിൽ മാവോവാദികൾ സാന്നിധ്യം ഉറപ്പിച്ചതായി പൊലീസ് സൂചിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മേലേ ഭൂതയാറിൽ മാവോവാദി സായുധ സംഘമെത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകളടങ്ങുന്ന ആറംഗ സംഘമാണ് എത്തിയത്. അര മണിക്കൂർ നേരം ഇവിടെ ചെലവഴിച്ച സംഘം ആദിവാസികൾക്കിടയിൽ പ്രചാരണം നടത്തിയതായും പറയുന്നു. പാലൂർ ആദിവാസി ഊരിലും ഇവർ എത്തിയതായി സൂചനയുണ്ട്. നീലഗിരി മലനിരകളിൽ തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ഊരടം ആദിവാസി ഊരിൽ മാവോവാദി സംഘം എത്തിയതായി പറയുന്നുെണ്ടങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. 20 അംഗ സംഘമാണ് ഇവിടെ എത്തിയതായി പറയുന്നത്. 16 ആദിവാസി കുടുംബങ്ങളാണ് ഊരടത്ത് ഉണ്ടായിരുന്നത്. മാവോവാദി സംഘങ്ങളുടെ സാന്നിധ്യം വർധിച്ചതോടെ പകുതിയോളം കുടുംബങ്ങൾ ഊര് വിട്ടുപോയി. തമിഴ്നാട് പൊലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വനാതിർത്തിയോടു ചേർന്ന ഊരുകളിൽ മാവോവാദികളുടെ സാന്നിധ്യം ഊരുവാസികൾക്ക് ശല്യമാകുന്നുണ്ടെങ്കിലും ഇവർ പുറമേ പറയാൻ മടിക്കുകയാണ്. മാവോവാദി വേട്ടക്കെത്തുന്ന പൊലീസും ഇവരുടെ സ്വൈരജീവിതത്തിന് തടസ്സമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.