നിലമ്പൂര്‍: ഭരണസമിതി അറിയാതെ സ്വകാര‍്യ ടെലികോം കമ്പനിക്ക് കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയ നഗരസഭ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ഭരണസമിതി തീരുമാനത്തിൽ ഉറച്ച് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ. നഗരസഭ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ഹൈേകാടതി അഭിഭാഷകരിൽനിന്ന് ബുധനാഴ്ച നിയമോപദേശം തേടി. നഗരസഭ പരിധിയിലെ റോഡുകൾ ഭരണസമിതിയുടെ അനുമതിയോ തീരുമാനമോ ഇല്ലാതെ കേബിൾ സ്ഥാപിക്കാനോ മറ്റോ വെട്ടിപ്പൊളിക്കാൻ സെക്രട്ടറിക്ക് സ്വകാര‍്യ കമ്പനിയുമായി കരാറിൽ ഒപ്പുവെക്കാൻ അധികാരമില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. അതേസമയം, നഗരസഭ ചെയർപേഴ്സൻ ആവശ‍്യപ്പെട്ടാൽ ഒപ്പുവെക്കുന്നതിൽ നിയമ തടസ്സമില്ലെന്നും വിദഗ്ധ ഉപദേശത്തിൽ പറയുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് സംസ്ഥാനത്ത് സ്വകാര‍്യ ടെലികോം കമ്പനിക്ക് ഓപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനും അനുബന്ധ പ്രവൃത്തികൾക്കും അനുമതി നൽകിയത്. ഇതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണമെന്നും കരാറിൽ പറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് കട്ടിങ് ചാർജും ലൈസൻസ് ഫീയും നൽകണം. ഭൂപ്രകൃതിക്ക് അനുസരിച്ചും മറ്റും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യത‍്യസ്ത ചാർജുകളാണ് സ്വകാര‍്യ ടെലികോം കമ്പനി നൽകുന്നത്. നിലമ്പൂർ നഗരസഭയിൽ കേബിൾ സ്ഥാപിക്കാൻ 2013 ഒക്ടോബർ 13നാണ് കമ്പനി സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. 2017 മാർച്ച് ഓമ്പതിനാണ് നഗരസഭ ചെയർപേഴ്സൻ ഇതുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതി നൽകുന്നത്. എന്നാൽ, 2017 ഫെബ്രുവരി ആറിന് തന്നെ നഗരസഭ സെക്രട്ടറി കമ്പനിക്ക് കേമ്പിൾ സ്ഥാപിക്കാൻ അനുമതി നൽകിയതായാണ് രേഖകളിലുള്ളത്. ചെയർപേഴ്സൻ അറിയാതെ സെക്രട്ടറിക്ക് കരാറിൽ ഒപ്പുവെക്കാൻ നിയമം അനുവദിക്കുന്നില്ല. ചെയർപേഴ്സന് വേണമെങ്കിൽ മുൻകൂർ അനുമതി നൽകാമെങ്കിലും തുടർന്നുള്ള ഭരണസമിതി യോഗത്തിൽ ചർച്ചക്ക് വെച്ച് പാസാക്കിയെടുക്കേണ്ടതുണ്ട്. ചെയർപേഴ്സൻ അനുമതി നൽകിയ ശേഷം ആറ് ബോർഡ് യോഗങ്ങൾ ചേർന്നു. ഇതിൽ രണ്ടെണ്ണം അടിയന്തരമായി വിളിച്ചു ചേർത്തതും നാലെണ്ണം സാധാരണയായുള്ളതുമായിരുന്നു. ഇതിലൊന്നും കേബിൾ സ്ഥാപിക്കുന്ന കാര‍്യം അജണ്ടയിൽ ചേർക്കുകയോ, ചർച്ചക്കെടുക്കുകയോ ചെയ്തിട്ടില്ല. കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് തയാറാക്കേണ്ടത് നഗരസഭ പൊതുമരാമത്ത് വിഭാഗം ചുമതലയുള്ള അസി. എൻജിനീയറാണ്. അദ്ദേഹത്തിെൻറ നിർദ്ദേശമില്ലാതെ പണമടക്കാൻ പാടില്ല. റോഡ് കട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്നാണ് അദ്ദേഹത്തിെൻറ വാദം. ഭരണസമിതിയുടെ അംഗീകാരം ലഭിക്കാത്തതുമൂലമാണ് കട്ടിങ്ങിന് അനുമതി നൽകാതിരുന്നതെന്നാണ് അസി. എൻജിനീയറുടെ വിശദീകരണം. എന്നാൽ, കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി നഗരസഭ സെക്രട്ടറി എക്‌സിക്യൂട്ടിവ് ഭരണം നടപ്പാക്കുകയാണ് ചെയ്തതെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നുമുള്ള തീരുമാനത്തിൽ ഭരണ -പ്രതിപക്ഷത്തിലെ ഭൂരിപക്ഷ കൗൺസിലർമാരും ഉറച്ചു നിൽക്കുകയാണ്. സെക്രട്ടറിക്കും ബന്ധപ്പെട്ട മറ്റു ഉദ‍്യോഗസ്ഥർക്കുമെതിരെ പൊലീസിൽ പരാതി നൽകണമെന്നും കൗൺസിലർമാർ ചെയർപേഴ്സനോട് ആവശ‍്യപ്പെടുന്നുണ്ട്. സംഭവം വിവാദമായതോടെ സ്വകാര‍്യ ടെലികോം കമ്പനിയുടെ കേബിൾ സ്ഥാപിക്കൽ പ്രവൃത്തി നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു. നിലവിൽ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, നഗരസഭ സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രവൃത്തി നടത്തുന്നതെന്നാണ് സ്വകാര‍്യ ടെലികോം കമ്പനി അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.