ആ​സ്ഥാ​ന​ത്ത് പോ​രാ​ട്ട​ച്ചൂ​ട്; ദി​ശ​മാ​റാ​തെ കാ​റ്റ്

മലപ്പുറം: മലപ്പുറം നിയോജക മണ്ഡലത്തിെൻറ വിധി വോട്ടെടുപ്പിന് മുമ്പേ ഏറെക്കുറെ പറയാം. എക്കാലവും യു.ഡി.എഫിനെ മാത്രം തുണച്ച മലപ്പുറത്ത് മറിച്ച് സംഭവിക്കാനൊരു സാധ്യത ആരും കാണുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിക്കുക അദ്ദേഹത്തിെൻറ വീടുൾക്കൊള്ളുന്ന മലപ്പുറത്ത് നിന്നായിരിക്കുമോ അതോ നിലവിൽ പ്രതിനിധീകരിക്കുന്ന വേങ്ങരയിൽ നിന്നായിരിക്കുമോ എന്ന സംശയം മാത്രമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾക്കുള്ളത്. എന്നാൽ 2011ൽ നിന്ന് 2016ലെത്തിയപ്പോൾ മുസ് ലിം ലീഗ് നിയമസഭ സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ 9000ത്തോളം വോട്ടിെൻറ കുറവുണ്ടായത് ചൂണ്ടിക്കാട്ടുന്ന ഇടതുപക്ഷം എം.ബി. ഫൈസലിെൻറ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ പ്രവർത്തിക്കുന്ന മലപ്പുറത്ത് നിന്നാണ് മൂന്നു മുന്നണികളും പ്രചാരണം നിയന്ത്രിക്കുന്നത്. സ്ഥാനാർഥികൾ പല തവണ വോട്ടർമാരെ കണ്ടു. ദേശീയ, സംസ്ഥാന നേതാക്കൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. എൽ.ഡി.എഫിനും എൻ.ഡി.എക്കും കാര്യമായ പ്രതീക്ഷക്ക് വകയില്ലെങ്കിലും പ്രചാരണത്തിൽ ഫൈസലും എൻ. ശ്രീപ്രകാശും ഒട്ടും പിന്നിലല്ല. 2011ൽ 44,508 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷത്തിൽ പി. ഉബൈദുല്ലയെ നിയമസഭയിലേക്കയച്ച മണ്ഡലം 2014ൽ ഇ. അഹമ്മദിന് ലോക്സഭയിലേക്ക് നൽകിയത് 36,324 വോട്ടിെൻറ ലീഡാണ്. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672 ആയി ചുരുങ്ങി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് 2-016ലെ നിയമസഭ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ എൻ.ഡി.എയുടെ വോട്ട് ഇരട്ടി‍യായത് എടുത്തുപറയണം. ജില്ലയിൽത്തന്നെ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചിരുന്ന മണ്ഡലത്തിലുണ്ടായ വർധന ബി.ജെ.പി കേന്ദ്രങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രചാരണ ആവേശത്തിൽ ലീഗിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാനാണ് കോൺഗ്രസ് ശ്രമം. വിദ്യാർഥി, യുവജനങ്ങൾ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആനക്കയം പഞ്ചായത്തിൽ കോൺഗ്രസ് ലീഗിെൻറ എതിർ ചേരിയിലായിരുന്നു. എന്നിട്ടും ലീഗ് ‘പച്ചപ്പ്’ നിലനിർത്തി. ഈ പ്രശ്നങ്ങൾക്ക് പരിഹാരവുമായിട്ടുണ്ട്. മറ്റു പഞ്ചായത്തുകളായ മൊറയൂർ, പുൽപറ്റ, പൂക്കോട്ടൂർ, കോഡൂർ എന്നിവിടങ്ങളിലും മലപ്പുറം നഗരസഭയിലും യു.ഡി.എഫ് ഭരണമാണ്. അയ്യായിരത്തോളം വരുന്ന പുതിയ വോട്ടുകളിൽ നല്ലൊരു ഭാഗവും ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും അധികാരം പിടിക്കാനായിെല്ലങ്കിലും മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. സമാന സാഹചര്യം നിലനിൽക്കുന്നതായും അവസാന ചിത്രം തങ്ങൾക്കനുകൂലമാവുമെന്നുമാണ് ഇടതുപ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.