വ​ന​മേ​ഖ​ല​യി​ലെ ര​ഹ​സ‍്യ​പാ​ത വ​ഴി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ മ​ദ‍്യം എ​ത്തു​ന്നു

നിലമ്പൂർ: ദേശീയ-സംസ്ഥാന പാതയോരത്തെ മദ‍്യശാലകൾ മാറ്റി സ്ഥാപിക്കുന്നതി‍െൻറ ഭാഗമായി പൂട്ടിയതോടെ തമിഴ്നാട് നീലഗിരി ജില്ലയിൽനിന്ന് വനമേഖല വഴി ജില്ലയിലേക്ക് മദ‍്യം കടത്തുന്നതായി സൂചന. തമിഴ്നാട്ടിലെ ഉപ്പട്ടി സർക്കാർ മദ‍്യശാലയിൽനിന്നാണ് ദേവാല വഴി കേരളത്തിലേക്ക് മദ‍്യക്കടത്ത്. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വഴിക്കടവ് റേഞ്ച് വനമേഖലയിലൂടെയാണ് തലച്ചുമടായി മദ‍്യം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലെത്തുന്നത്. നാടുകാണി ചുരത്തിൽനിന്ന് വനത്തിലൂടെയുള്ള ഉൗട് വഴിയിലൂടെയും മദ‍്യ ഇറക്കുമതിയുണ്ട്. വഴിക്കടവ് ആനമറി അതിർത്തിയിൽ സംസ്ഥാനപാതയിൽ പൊലീസും എക്സൈസും വാഹനപരിശോധന കർശനമാക്കിയ സാഹചര‍്യത്തിലാണ് മദ‍്യലോബി വനപാത തെരഞ്ഞെടുത്തത്. നാടുകാണി ചുരം താഴ്വാര പ്രദേശങ്ങളിലാണ് മദ‍്യമെത്തുന്നത്. ഇവിടെനിന്ന് ആവശ‍്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിന് പ്രാദേശിക ഏജൻസികൾ വരെയുണ്ട്. മദ‍്യശാലകൾ അടച്ചുപൂട്ടുന്നതിന് മുമ്പുള്ള വിലയേക്കാൾ മൂന്നിരട്ടിയിലധികം വിലയ്ക്ക് അതി രഹസ‍്യമായാണ് വിൽപന. പരിചയക്കാർക്ക് മാത്രമാണ് വിൽപന. ദേവാല വഴി വഴിക്കടവിലേക്കും മരുതയിലേക്കും വനത്തിലൂടെ രഹസ‍്യപാതകളുണ്ട്. കിലോമീറ്ററുകൾ മാത്രം സഞ്ചരിച്ചാൽ ചുരം താഴ്വാര പ്രദേശങ്ങളിലെത്താം. തമിഴ്നാട്ടിൽ നിന്നുള്ള മദ‍്യക്കടത്തിന് പുറമെ നിലമ്പൂർ വനം കേന്ദ്രീകരിച്ച് വ‍്യാജ ചാരായ നിർമാണത്തിനും കോപ്പുകൂട്ടുന്നതായാണ് വിവരം. കേരളത്തിൽ ചാരായ നിരോധനം ഏർപ്പെടുത്തിയ സമയത്ത് നിലമ്പൂർ വനമേഖല കേന്ദ്രീകരിച്ച് ചാരായ നിർമാണം സജീവമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് റെയ്ഡ് ശക്തിമാക്കിയതോടെയാണ് നിലമ്പൂർ വനം കേന്ദ്രീകരിച്ചുള്ള വാറ്റിന് ശമനമുണ്ടായത്. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട് കേന്ദ്രീകരിച്ച് വ‍്യാജവാറ്റ് ഇപ്പോഴുമുണ്ട്. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ ശങ്കരൻമല കേന്ദ്രീകരിച്ചാണ് മദ‍്യനിർമാണം. തമിഴ്നാട് അതിർത്തിവരെ നീണ്ടുകിടക്കുന്ന ഈ വനമേഖലയിൽ റെയ്ഡ് ശക്തമാണെങ്കിലും ചെങ്കുത്തായ വനത്തി‍െൻറ സ്വഭാവവും വ‍്യാപ്തിയും കാരണം പരിശോധനകൾ പലപ്പോഴും ലക്ഷ‍്യത്തിലെത്താറില്ല. എങ്കിലും ലക്ഷക്കണക്കിന് ലിറ്റർ വ‍്യാജചാരായം എക്സൈസും നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൗരസമിതികളും ഈ മലയിൽനിന്ന് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ചാലിയാർ, മുത്തേടം, വഴിക്കടവ്, പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ വനമേഖല കേന്ദ്രീകരിച്ച് മുമ്പ് വ‍്യാജമദ‍്യനിർമാണം നടന്നിരുന്നു. നിലവിലെ സാഹചര‍്യം മുതലെടുത്ത് ഈ മേഖലകൾ കേന്ദ്രീകരിച്ച് വീണ്ടും മദ‍്യനിർമാണം സജീവമാകുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.