തിരൂർ: ട്രെയിനിറങ്ങിയെത്തുന്നവർ സമീപിക്കുന്നത് ഹ്രസ്വദൂര യാത്രക്കാണെങ്കിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരെ വട്ടം കറക്കുന്നതായി ആക്ഷേപം. നഗരത്തിൽ ബ്ലോക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമാകുന്നു. നഗരം വിജനമായി കിടക്കുമ്പോൾ പോലും ഡ്രൈവർമാരുടെ നാവിൻതുമ്പിൽ വരുന്ന വാക്ക് ‘ടൗണാകെ ബ്ലോക്കാ’ എന്നായിരിക്കുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾെപ്പടെയുള്ള യാത്രക്കാരാണ് ഇതുമൂലം വലയുന്നത്. ഓട്ടോ ലഭിക്കാത്തതിനാൽ ഭാരമേറിയ വസ്തുക്കളുമായി പോലും ആളുകൾ നടന്നുപോകുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ട്രെയിൻ വരുന്ന സമയങ്ങളിലാണ് ഡ്രൈവർമാരുടെ കബളിപ്പിക്കൽ കൂടുതലെന്ന് യാത്രക്കാർ പറയുന്നു. ആദ്യമേ ദീർഘദൂര ഓട്ടം ലഭിക്കാനാണിത്. മുന്നിലുള്ള വണ്ടിയെ സമീപിച്ചാൽ ഓരോരുത്തരായി ഒഴികഴിവ് പറഞ്ഞ് തടിയൂരും. ചോദ്യം ചെയ്താൽ എല്ലാവരും ചേർന്ന് തട്ടിക്കയറുന്നതായും പരാതിയുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രീ പെയ്ഡ് ടാക്സി സൗകര്യം ഒരുക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ബൂത്തിൽനിന്ന് അടിച്ച് നൽകുന്ന സ്ഥലത്തേക്ക് മുന്നിലുള്ള ഓട്ടോക്കാരൻ പോകാൻ നിർബന്ധിതനാണ്. നേരത്തേ പൊലീസ് ഇതിനായി ശ്രമിച്ചിരുന്നെങ്കിലും നഗരസഭ മുന്നിട്ടിറങ്ങിയില്ല. സ്ഥലം അനുവദിച്ചാൽ ബൂത്ത് നിർമിച്ചുനൽകാമെന്ന് ചേംബർ ഓഫ് കോമേഴ്സ് വാഗ്ദാനം ചെയ്തിരുന്നു. ഇവിടെ നഗരസഭ സ്ഥലം തന്നെയുണ്ടെന്നിരിക്കെയാണ് പ്രീ പെയ്ഡ് ടാക്സി ബൂത്ത് പദ്ധതിയോട് അധികൃതർ മുഖം തിരിച്ച് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.