ജില്ലയില്‍ സ്വത്ത് തര്‍ക്കം വര്‍ധിക്കുന്നു; വിവാഹ മോചനവും

മലപ്പുറം: ജില്ലയില്‍ സ്വത്ത് തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമീഷന്‍. ബുധനാഴ്ച നടന്ന കമീഷന്‍ അദാലത്തില്‍ ഭൂരിഭാഗവും സ്വത്ത് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. സിറ്റിങ്ങില്‍ മൊത്തം 62 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണം കമീഷന്‍െറ പൂര്‍ണ സിറ്റിങ്ങില്‍ പരിഗണിക്കാന്‍ മാറ്റി. 19 കേസുകള്‍ റിപ്പോര്‍ട്ടിനായി വിട്ടു. 26 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഉറ്റ ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങളാണ് കൂടുതലും പരിഗണനക്ക് വന്നതെന്ന് കമീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റഷീദ് പറഞ്ഞു. സ്വത്ത് വിഭജനം കഴിഞ്ഞാണ് ഇത്തരത്തില്‍ പല തര്‍ക്കങ്ങളും ഉടലെടുത്തിരിക്കുന്നത്. ചില കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സാധിച്ചെങ്കിലും ഏതാനും കേസുകളില്‍ കക്ഷികള്‍ തമ്മില്‍ വിട്ടുവീഴ്ചക്ക് തയാറല്ലാത്തതാണ് പ്രശ്നം. സോഷ്യല്‍നെറ്റ്വര്‍ക് സൈറ്റുകള്‍ വഴിയുണ്ടായ അധിക്ഷേപം ചൂണ്ടിക്കാട്ടി അഞ്ചുപേരാണ് വനിതാ കമീഷനെ സമീപിച്ചത്. ചില കേസുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്നത് അദ്ഭുതപ്പെടുത്തുന്നതായി കമീഷന്‍ അംഗം പറഞ്ഞു. സോഷ്യല്‍ മീഡിയയെ മോശമായി ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള കേസുകളും ജില്ലയില്‍ വര്‍ധിക്കുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ദമ്പതികള്‍ പരസ്പരം സഹിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നതാണ് ഇത് കാണിക്കുന്നത്. അശ്ളീല കത്തെഴുതിയ കേസും ബുധനാഴ്ചത്തെ സിറ്റിങ്ങില്‍ പരിഗണിച്ചവയില്‍പ്പെടും. ജില്ലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൂട്ടആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ഇക്കാര്യം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുമെന്നും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. കമീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അഡ്വ. സുജാത വര്‍മ, അഡ്വ. കെ. സൗദാബി, അഡ്വ. കെ.വി. ഹാറൂണ്‍ റഷീദ്, വനിതാ സെല്‍ എസ്.ഐ എന്നിവരും സിറ്റിങ്ങില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.