മാതൃകയായി ‘പുറത്തൂര്‍ എന്‍െറ ഗ്രാമം’ വാട്സ്ആപ് കൂട്ടായ്മ

പുറത്തൂര്‍: ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ ജനസേവന മേഖലകളിലും നിറസാന്നിധ്യമാവുകയാണ് ‘പുറത്തൂര്‍ എന്‍െറ ഗ്രാമം’ വാട്സ്ആപ് കൂട്ടായ്മ. പ്രവാസികളടക്കമുള്ള കൂട്ടായ്മ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പ്രദേശത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. രാഷ്ട്രീയ, ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളും കൂട്ടായ്മയില്‍ സജീവമാണ്. നാട്ടിലും മറുനാട്ടിലുമുള്ള പ്രദേശത്തെ എല്ലാവരെയും കോര്‍ത്തിണക്കി നാട്ടില്‍ ജനകീയ വികസനം കൊണ്ട് വരാനാണ് ഇവരുടെ ശ്രമം. പ്രസവ വാര്‍ഡ് അടക്കമുള്ള വികസനത്തിനായി കെട്ടിടം നിര്‍മിക്കാനൊരുങ്ങുന്ന പുറത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ സ്ഥലമെടുപ്പിനും പുറത്തൂര്‍ ഗവ. യു.പി സ്കൂളിന്‍െറ സ്ഥലമെടുപ്പിനും സാമ്പത്തിക സഹായം നല്‍കിയും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയും ഗ്രൂപ് മുന്നിലുണ്ട്. കയറിക്കിടക്കാന്‍ കൂരയില്ലാത്തൊരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന വീട് അടുത്ത പുതുവത്സര ദിനത്തില്‍ കുടുംബത്തിന് കൈമാറും. വീട് നിര്‍മിക്കാനുള്ള സ്ഥലം വാങ്ങി നല്‍കിയതും കൂട്ടായ്മയാണ്. യുവതലമുറയുടെ പ്രാഥമിക വിദ്യാഭ്യാസം അങ്കണവാടി വഴി ഫലപ്രദമായ രീതിയില്‍ നടപ്പാക്കുക എന്നതാണ് ഭാവി പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘടന പ്രസിഡന്‍റ് സദക്ക് പുറത്തൂര്‍ പറഞ്ഞു. പുതുമയുള്ള ഒട്ടേറെ വിദ്യാലയ വിശേഷങ്ങളൊരുക്കി മാതൃക കാണിച്ച പുറത്തൂര്‍ സര്‍ക്കാര്‍ യു.പി സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഈ വാട്സ്ആപ് കൂട്ടായ്മയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.