മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി: വര്‍ഷം തികഞ്ഞിട്ടും തീരുമാനങ്ങളേറെയും കടലാസില്‍ തന്നെ

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക ബ്ളോക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനക്കമില്ല. 2015 ആഗസ്റ്റില്‍ ചേര്‍ന്ന മാനേജ്മെന്‍റ് കമ്മിറ്റി എക്സിക്യൂട്ടിവ് യോഗത്തിലാണ് ബ്ളോക്കുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അത്യാഹിതം, ഒ.പി, സൂപ്പര്‍ സ്പെഷാലിറ്റി എന്നിവയടങ്ങിയ ബ്ളോക്കിനാണ് പദ്ധതി തയാറാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പിന്‍െറ പ്ളാന്‍ ഫണ്ടില്‍നിന്ന് പണം തേടി ലബോറട്ടറി കോംപ്ളക്സും ഡി.എം.ഇ ഫണ്ട് തേടി മോര്‍ച്ചറി ബ്ളോക്കും എക്സ്റേ, സി.ടി സ്കാന്‍, അള്‍ട്രാസൗണ്ട് സ്കാന്‍, എം.ആര്‍.ഐ തുടങ്ങിയവക്ക് പ്രത്യേക ബ്ളോക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഒ.പിയും മരുന്നുവിതരണവും ഒ.പി ടിക്കറ്റ് വിതരണവും ഇടുങ്ങിയ സ്ഥലത്തായതിനാല്‍ വലിയ തിരക്കാണ്. ഇത് ഒഴിവാക്കാന്‍ സൗകര്യമൊരുക്കി ജനറല്‍ ഒ.പിയും ഒ.പി ടിക്കറ്റ് വിതരണവും നടത്താനാവുമോയെന്നും പരിശോധിക്കാന്‍ ഇതേയോഗത്തില്‍ തീരുമാനിച്ചതാണ്. എച്ച്.എം.സി(ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി), ആര്‍.എസ്.ബി.വൈ ഫണ്ടുകളുപയോഗിച്ച് ആശുപത്രിയില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കാനും തീരുമാനിച്ചു. ഇതിനും നടപടിയുണ്ടായില്ല. ഇതേ ഫണ്ട് ഉപയോഗിച്ച് ബ്ളഡ്ബങ്കില്‍ ഓണ്‍ലൈന്‍ യു.പി.എസ് സ്ഥാപിക്കാനും തീരുമാനമെടുത്തതാണ്. പദ്ധതി തയാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട വകുപ്പിന്‍െറ ബജറ്റ് വിഹിതം കൊണ്ട് പൂര്‍ത്തിയാക്കാം. മൂന്ന് ബ്ളോക്കിലും നവീകരണത്തിന് 10.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിരുന്നു. ഇതിന്‍െറ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കാനായിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.