ആദ്യക്ഷരം നുകരാന്‍ ആയിരങ്ങള്‍

മലപ്പുറം: വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍. വിരല്‍തുമ്പിനാല്‍ അരിയിലും സ്വര്‍ണംകൊണ്ട് നാവിലും അക്ഷരങ്ങള്‍ എഴുതിയാണ് കുരുന്നുകള്‍ അറിവിന്‍െറ ലോകത്തേക്ക് പ്രവേശിച്ചത്. ജില്ലയിലെ സാഹിത്യ കേന്ദ്രങ്ങള്‍, സന്നദ്ധ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചടങ്ങുകള്‍. തിരൂര്‍ തുഞ്ചന്‍പറമ്പ്, തിരുനാവായ മേല്‍പ്പത്തൂര്‍ സ്മാരക മണ്ഡപം, പെരിന്തല്‍മണ്ണ പൂന്താനം ഇല്ലം എന്നിവിടങ്ങളില്‍ ആദ്യക്ഷരം കുറിക്കാന്‍ നിരവധി പേരത്തെി. സാഹിത്യകാരന്മാരും പാരമ്പര്യ എഴുത്താശാന്മാരും നേതൃത്വം നല്‍കി. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചോടെ എഴുത്തിനിരുത്ത് ആരംഭിച്ചു. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാമണ്ഡപത്തിലുമായി കുട്ടികള്‍ക്ക് അക്ഷരമധുരം പകര്‍ന്നു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് കുട്ടികള്‍ ഭാഷാ ആചാര്യന്‍െറ മണ്ണില്‍ ആദ്യക്ഷരം കുറിക്കാനത്തെി. തുഞ്ചന്‍ സ്മാരക ഹാളില്‍ കവികളുടെ വിദ്യാരംഭത്തില്‍ നൂറിലേറെ പേര്‍ കവിതകളവതരിപ്പിച്ചു. തിരുനാവായ കുറുമ്പത്തൂര്‍ മേല്‍പത്തൂര്‍ സ്മാരക മണ്ഡപത്തില്‍ ഞായറാഴ്ച വൈകീട്ട് പുസ്തക പൂജയോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വിദ്യാരംഭത്തിന് കുട്ടികള്‍ എത്തിതുടങ്ങി. മംഗലം വള്ളത്തോള്‍ സ്മാരക മണ്ഡപത്തിലും വിദ്യാരംഭത്തിന് നിരവധി പേരത്തെി. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, തളി മഹാദേവ ക്ഷേത്രം, മലപ്പുറം ത്രിപുരാന്തക ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. നൃത്തം, സംഗീതം, ചിത്രകല എന്നിവയില്‍ തുടക്കം കുറിക്കാന്‍ കലാകേന്ദ്രങ്ങളിലും നിരവധി പേരത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.