സ്നേഹാദരവുമായി വയോജന ദിനാചരണം

മലപ്പുറം: ബാല്യവും യൗവനവും നാടിനും കുടുംബത്തിനുമായി ചെലവഴിച്ച തലമുറക്ക് ജീവിത സായാഹ്നത്തില്‍ സ്നേഹവും സംരക്ഷണവും ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തി ജില്ലയില്‍ വയോജന ദിനം ആചരിച്ചു. സാമൂഹികനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, സാമൂഹിക സുരക്ഷാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ധക്യം ഒരു രോഗമല്ളെന്നും മറിച്ച് ഒരവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വയോധികര്‍ പരിപാടിയില്‍ പങ്കെടുത്തു. കലാപരിപാടികള്‍ ആസ്വദിച്ച്, സദ്യയും കഴിച്ച് നിറമനസ്സോടെയാണ് ഏവരും മടങ്ങിയത്. 80 വയസ്സ് കഴിഞ്ഞവരെ മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പൊന്നാട അണിയിച്ചു. ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ വിഷയത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, സജിത, ചെല്ലപ്പന്‍, എസ്.ഐ.ഡി കോഓഡിനേറ്റര്‍ നൗഫല്‍, കെ. കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘വന്ദനം’ വയോജനദിനത്തില്‍ പങ്കെടുത്ത 479 പേര്‍ക്കും ഒരേസമയം ഇളംതലമുറയിലെ അത്രയും പേര്‍ ഉപഹാരം കൈമാറിയത് വേറിട്ട കാഴ്ചയായി. ഇതിനായി നഗരസഭയിലെ വിവിധ സ്കൂളുകളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ്സ്, റെഡ്ക്രോസ് വിഭാഗങ്ങളിലെ വളന്‍റിയര്‍മാരാണ് ചടങ്ങില്‍ ഒരേസമയം സ്നേഹോപഹാരം നല്‍കി ആദരിച്ചത്. 34 വാര്‍ഡിലെയും ഏറ്റവും മുതിര്‍ന്ന പൗരന്മാരെ പൊന്നാടയും ഷീല്‍ഡും നല്‍കി മുന്‍മന്ത്രി എന്‍. സൂപ്പി, മുന്‍ എം.എല്‍.എ വി. ശശികുമാര്‍ എന്നിവര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് വരവേറ്റു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും ഐ. വിദാസ് പുരസ്കാരജേതാവുമായ പാലക്കീഴ് നാരായണന്‍, ചെറുകാട് അവാര്‍ഡ് ജേതാവ് സി. വാസുദേവന്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം സമ്മാനിച്ചു. വൈകുന്നേരം വരെ നീണ്ട ദിനാഘോഷ സ്നേഹവിരുന്നും സിനിമ-കോമഡിഷോ താരം സൂരജ് തേലക്കാടും ഷെഹനീര്‍ ബാബുവും ചേര്‍ന്ന് കോമഡിഷോയും അവതരിപ്പിച്ചു. മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി ഇവരുടേതായി റിസോഴ്സ് ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.