യാത്ര പറയാതെ സിത്താര പോയി; വിതുമ്പലടക്കാനാകാതെ നാടും സഹപാഠികളും

മലപ്പുറം: ക്ളാസ്മുറിയിലും കളിതമാശകള്‍ പറഞ്ഞുനടന്ന വരാന്തകളിലും ഇനി സിത്താരയില്ല. കഴിഞ്ഞ ദിവസംവരെ കളിചിരികളുടെയും ബഹളങ്ങളുടെയുമൊക്കെ ഇടമായിരുന്ന അവളുടെ വീടും മൂകമാണ്. വെള്ളിയാഴ്ച സ്കൂള്‍ വളപ്പില്‍ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം ഇത്തിള്‍പറമ്പ് നായംവീട്ടില്‍ അമീര്‍-ഷാനിബ ദമ്പതികളുടെ മകളും കോട്ടപ്പടി ജി.വി.എച്ച്.എസ് ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയുമായ സിത്താര പര്‍വീന് (14) നാടും സഹപാഠികളും കണ്ണീരോടെ വിടയേകി. രാവിലെ മുതല്‍ കാത്തുനിന്ന സഹപാഠികളുടെയും പ്രിയ അധ്യാപകരുടെയും ഇടയിലേക്ക് ചേതനയറ്റ ശരീരം എത്തിയതോടെ പലര്‍ക്കും സങ്കടം അടക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 11.30ഓടെയാണ് മൃതദേഹവും വഹിച്ച ആംബുലന്‍സ് ഇത്തിള്‍പറമ്പിലെ വീട്ടിലത്തെിയത്. ഇതിനകംതന്നെ വീടും പരിസരവും ജനനിബിഢമായിരുന്നു. അപ്രതീക്ഷിത ദുരന്തം വരുത്തിയ ഞെട്ടലില്‍നിന്ന് നാട്ടുകാരും മുക്തരായിരുന്നില്ല. സമയക്കുറവിനാല്‍ അടുത്ത ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പൊതുദര്‍ശനമനുവദിച്ചത്. അരമണിക്കൂറിന് ശേഷം മൃതദേഹം കോട്ടപ്പടി ചത്തെുപ്പാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വീട്ടിലത്തെി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അപകടം നടന്ന സ്കൂളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കോട്ടപ്പടിയിലെ താലൂക്ക് ആശുപത്രിയിലുമത്തെിയതിന് ശേഷമാണ് മന്ത്രി വിദ്യാര്‍ഥിനിയുടെ വീട്ടിലത്തെിയത്. പി. ഉബൈദുല്ല എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, മലപ്പുറം സി.ഐ പ്രേംജിത്ത്, എസ്.ഐ ബിനു, വനിത എസ്.ഐ എം. ദേവി എന്നിവരും അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.10നായിരുന്നു സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിലേക്ക് പാഞ്ഞുകയറിയത്. 40ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഏതാനും പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.