മലപ്പുറം സ്റ്റേഷന് മുന്നിലെ വാഹനങ്ങള്‍ നാളെ നീക്കും

മലപ്പുറം: ട്രാഫിക് പരിഷ്കാരത്തിനും സൗന്ദര്യവത്കരണത്തിനും ലക്ഷ്യമിട്ട് നഗരസഭ ഏറ്റെടുക്കുന്ന മലപ്പുറം പൊലീസ് സ്റ്റേഷന് മുന്നിലെ സ്ഥലത്തുള്ള തൊണ്ടി വാഹനങ്ങള്‍ തിങ്കളാഴ്ച മാറ്റും. ഹാജിയാര്‍പ്പള്ളിയില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്തേക്കാണ് ലോറിയും ബൈക്കുകളുമടക്കമുള്ള 20ഓളം വാഹനങ്ങള്‍ മാറ്റുന്നത്. ഇതിന് മുന്നോടിയായി ശനിയാഴ്ച ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീലയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷന് മുന്നിലെ സ്ഥലം പരിശോധിച്ചു. ഇവിടുത്തെ ജങ്ഷനും റോഡും വീതി കൂട്ടുന്നതിനൊപ്പം ബാക്കിയുള്ള സ്ഥലം സൗന്ദര്യവത്കരണത്തിനും ഉപയോഗിക്കാനാണ് പദ്ധതി. ഏറെ നാളായുള്ള ശ്രമത്തിനൊടുവിലാണ് കുന്നുമ്മല്‍ ഭാഗത്തേക്കുള്ള റോഡിലെ കയറ്റം കുറക്കാന്‍ സ്ഥലം പൊലീസില്‍നിന്ന് വിട്ടുകിട്ടിയത്. ഒക്ടോബര്‍ അഞ്ച് മുതല്‍ സ്വകാര്യബസുടമകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നീക്കുന്ന മുറക്ക്തന്നെ റോഡ് വീതികൂട്ടലടക്കമുള്ള പ്രവൃത്തികളും ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. കോട്ടപ്പടിയില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് കാരണം ഈ ഭാഗം സ്ഥിരം അപകടമേഖലയാണെന്ന കാരണത്താലാണ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, സമരം അംഗീകരിക്കില്ളെന്ന് നഗരസഭയും വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെയുള്ള ഗതാഗതകുരുക്കും അപകടങ്ങളും ‘മാധ്യമം’ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുനിസിപ്പല്‍ എന്‍ജിനീയര്‍ ഉമ്മര്‍, ഓവര്‍സിയര്‍ കൃഷ്ണന്‍കുട്ടി, സെക്രട്ടറി കൃഷ്ണകുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സലീം, മറിയുമ്മ, കൗണ്‍സിലര്‍മാരായ ഉമ്മര്‍, ഹംസ എന്നിവര്‍ക്ക് പുറമെ സബ് ഇന്‍സ്പെക്ടര്‍ ബിനുവും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.