എ.ടി.എമ്മുകളും ബാങ്കുകളും നിശ്ചലം; മലയോര മേഖലയില്‍ ചില്ലറ ദുരിതത്തിന് അറുതിയില്ല

കരുളായി: നോട്ടുനിരോധനത്തെ തുടര്‍ന്ന് പത്ത് ദിവസത്തിലധികമായി സഹകരണ ബാങ്കുകളിലെ പണമിടപാടുകള്‍ താളംതെറ്റിയതും എ.ടി.എമ്മുകള്‍ നോക്കുകുത്തികളായതും മലയോര മേഖലയിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. നീണ്ട വരികളില്‍നിന്ന് കൈയിലുള്ള ജീവിത സമ്പാദ്യം മുഴുവന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചെങ്കിലും ഇപ്പോള്‍ നിത്യചെലവിനാവശ്യമായ തുക പോലും തിരിച്ചെടുക്കാനാവാതെ വലയുകയാണ് കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന കരുളായി, മൂത്തേടം പഞ്ചായത്തുകളില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ എ.ടി.എമ്മുകളാണുള്ളത്. കരുളായി പഞ്ചായത്തില്‍ കെ.ജി.ബിക്ക് പുറമെ ഇന്ത്യ വണ്‍ എ.ടി.എം കൗണ്ടറുമുണ്ട്. ആദിവാസി മേഖലയിലുള്ളവരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയുമെല്ലാം പണമിടപാടുകള്‍ ഗ്രാമീണ്‍ ബാങ്കിലാണ് നടക്കുന്നത്. മാത്രമല്ല വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഗ്യാസ് സബ്സിഡിയുമെല്ലാം ഇവിടെ തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തെ തുടര്‍ന്ന് എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമായത് പ്രദേശവാസികളെ ഏറെ വലക്കുകയാണ്. പണം മാറാന്‍ നിലമ്പൂരിലത്തെിയാലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് നോട്ടുകള്‍ ഉള്‍പ്രദേശങ്ങളിലെ ബാങ്കുകളില്‍ എത്താത്തതും ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.