കാരുണ്യത്തുട്ട് സ്വരൂപിക്കാന്‍ നാളെ 10 ബസുകളുടെ സേവനയോട്ടം

തിരൂര്‍: കെ.എം.എച്ച്, ബര്‍സാത്, ചെങ്ങണക്കാട്ടില്‍ എന്നീ പേരിലുള്ള ബസുകളില്‍ ബുധനാഴ്ച യാത്രക്കാര്‍ക്ക് ടിക്കറ്റിന് പകരം ലഭിക്കുക കൊച്ചുനോട്ടീസാകും. കരള്‍ മാറ്റിവെക്കലിന് സഹായം തേടുന്ന രണ്ട് കുട്ടികള്‍ക്കായി കാരുണ്യത്തുട്ടുകള്‍ തേടിയുള്ള അഭ്യര്‍ഥന. വളാഞ്ചേരി തെണ്ടലില്‍ ശരീഫിന്‍െറ മകന്‍ മുഹമ്മദ് ആദില്‍, കാടാമ്പുഴ രാമചന്ദ്രന്‍െറ മകള്‍ ശ്രുതി എന്നിവരുടെ ചികിത്സാസഹായത്തിനാണ് ബുധനാഴ്ച ഈ ബസുകള്‍ സര്‍വിസ് നടത്തുക. വാണിയന്നൂര്‍ വരമ്പനാല സ്വദേശി ചോരത്ത് അലിയുടെ ഉടമസ്ഥതയിലുള്ള കെ.എം.എച്ച് ഗ്രൂപ്പിലെ ഏഴും വൈലത്തൂര്‍ മുണ്ടേക്കാട്ടില്‍ സക്കീറിന്‍െറ ഉടമസ്ഥതയിലുള്ള ബര്‍സാത്, വെള്ളച്ചാല്‍ സ്വദേശി ചെങ്ങണക്കാട്ടില്‍ മുഹമ്മദ് എന്ന കുഞ്ഞാന്‍െറ കീഴിലുള്ള ചെങ്ങണക്കാട്ടില്‍ ഗ്രൂപ്പിലെ രണ്ടും ബസുകളാണ് ബുധനാഴ്ച കാരുണ്യയോട്ടം നടത്തുന്നത്. കെ.എം.എച്ച് ഗ്രൂപ്പിലെ അഞ്ച് ബസുകള്‍ തിരൂര്‍-വളാഞ്ചേരി റൂട്ടിലും ഓരോ ബസുകള്‍ തിരൂര്‍-പട്ടാമ്പി, വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടുകളിലുമാണ് സര്‍വിസ് നടത്തുന്നത്. ബര്‍സാത് തിരൂര്‍-മഞ്ചേരി റൂട്ടിലും ചെങ്ങണക്കാട്ടില്‍ തിരൂര്‍-ചെമ്മാട്, തിരൂര്‍-കോട്ടക്കല്‍ റൂട്ടുകളിലുമാണ് ഓടുക. ബസിലെ വരുമാനത്തിന് പുറമെ ജീവനക്കാരുടെ വേതനവും ഇവര്‍ക്കായി നീക്കിവെക്കും. ശ്രുതിക്കും മുഹമ്മദ് ആദിലിനും ഉടന്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 50 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ശ്രുതിയെ സഹായിക്കാന്‍ നാട്ടുകാര്‍ കനറാബാങ്ക് കാടാമ്പുഴ ശാഖയില്‍ 4700101002676 നമ്പറായി അക്കൗണ്ട് (IFSC CODE: CNRB0004700) തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് വി. മധുസൂദനന്‍ (ചെയര്‍.), വ്യാപാരി നേതാവ് പി.പി. ബഷീര്‍ (കണ്‍.), ഗ്രാമപഞ്ചായത്ത് അംഗം എ.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായുള്ള സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് ആദിലിനെ സഹായിക്കുന്നതിനും നാട്ടുകാര്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കെ.കെ. അബ്ദുല്ലത്തീഫ് (ചെയര്‍.), തൈക്കുളത്തില്‍ ഇബ്രാഹിം (കണ്‍.), വി.കെ. റിഷാദ് (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍. ഫെഡറല്‍ബാങ്ക് വളാഞ്ചേരി ശാഖയിലാണ് സഹായ സമിതിയുടെ അക്കൗണ്ട്. നമ്പര്‍ 14680100150286. (IFSC CODE: FDRL0001468).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.