അവര്‍ പഠിക്കും, വൃത്തിയോടും സൗകര്യങ്ങളോടും കൂടി

മലപ്പുറം: വേനലവധി കഴിഞ്ഞ് പുത്തന്‍ ബാഗും കുടയും നോട്ടുബുക്കുകളുമായി സ്കൂളിലത്തെുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് പുത്തന്‍ ബെഞ്ചുകളും ഡെസ്കുകളും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്കൂളുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും 3.36 കോടി ചെലവഴിച്ച് ഫര്‍ണിച്ചര്‍ നല്‍കാന്‍ തീരുമാനമായി. ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് നിറമരുതൂര്‍ ഹൈസ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും പഠന സൗകര്യങ്ങള്‍ ഒരേ വിധത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു കര്‍മ പദ്ധതി തയാറാക്കിയത്. പദ്ധതി പ്രകാരം 5,351 ജോഡി ബെഞ്ചും ഡെസ്കും വിവിധ സ്കൂളുകളുടെ ആവശ്യകതയനുസരിച്ച് നല്‍കും. 2.63 കോടി ഇതിനായി ചെലവഴിക്കും. സ്കൂള്‍ ഓഫിസുകളിലേക്കും സ്റ്റാഫ് റൂമുകളിലേക്കുമായി മേശ, കസേര, അലമാര തുടങ്ങിയവ നല്‍കുന്നതിനും പദ്ധതി പ്രകാരം 73 ലക്ഷം നീക്കി വെച്ചിട്ടുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ എണ്ണവും നിലവില്‍ സ്കൂളിലുള്ള ബെഞ്ച്, ഡെസ്ക് എന്നിവയുടെ എണ്ണവും ശേഖരിച്ചതിന് ശേഷം ഒരു ബെഞ്ചില്‍ നാല് കുട്ടികള്‍ എന്ന തോതിലാണ് ഫര്‍ണിച്ചര്‍ നല്‍കുക. 2015-16 വാര്‍ഷിക പദ്ധതി പ്രകാരം യഥാസമയം പൂര്‍ത്തിയാവാന്‍ സാധ്യതയില്ലാത്ത പദ്ധതികള്‍ക്ക് പകരമായി പദ്ധതിയില്‍ ഭേദഗതി വരുത്തിയാണ് സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, വാട്ടര്‍ പ്യൂരി ഫയര്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, കമ്പ്യൂട്ടര്‍, ഇന്‍ററാക്ടീവ് ബോര്‍ഡ് തുടങ്ങിയവ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.