ലീഗും സി.പി.എമ്മും പൊലീസിനെതിരെ

തിരൂര്‍: പറവണ്ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിരൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ലീഗ്, സി.പി.എം നേതാക്കള്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്. അക്രമങ്ങളുണ്ടാകുമ്പോള്‍ യഥാസമയം പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാകാത്തതാണ് പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നതെന്ന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പൊലീസ് നിഷ്ക്രിയത്വം വെടിഞ്ഞ് ശക്തമായ നടപടികളെടുക്കണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ഒരു പങ്കുമില്ളെന്ന് രണ്ട് വിഭാഗവും അവകാശപ്പെട്ടു. സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് രണ്ട് പാര്‍ട്ടിയുടെയും പ്രാദേശിക നേതാക്കള്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയത്. പലതവണ പൊലീസിനെ ആക്രമിക്കുകയും കസ്റ്റഡിയില്‍ നിന്ന് പ്രതിയെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായിട്ടുപോലും പൊലീസ് പ്രതികളെ കണ്ടത്തൊനും അറസ്റ്റ് ചെയ്യാനും തയാറാകാത്ത സംഭവങ്ങള്‍ വരെയുണ്ടെന്ന് സി.പി.എം ഏരിയാ കമ്മിറ്റി അംഗം അഡ്വ. യു. സൈനുദ്ദീന്‍ ആരോപിച്ചു. സേനയെ ആക്രമിച്ചിട്ടുപോലും നടപടിയെടുക്കാത്ത പൊലീസിന് എങ്ങനെയാണ് രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ കൈകാര്യം ചെയ്യാനാകുകയെന്ന് സൈനുദ്ദീന്‍ ചോദിച്ചു. എം.എല്‍.എയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന വേദിയിലേക്ക് കല്ളെറിഞ്ഞവരെ പിടികൂടാന്‍ പൊലീസിന് ഇതുവരെയും സാധിക്കാത്തത് നാണക്കേടാണെന്ന് ലീഗ് നേതാവ് പി. സൈനുദ്ദീന്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പരാതി നല്‍കിയിട്ടുപോലും ഗൗരവ നിലപാടെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഏകപക്ഷീയമായാണ് പൊലീസ് നടപടികളുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പോലും പൊലീസ് കര്‍ശന നടപടികളെടുക്കുന്നില്ളെന്ന് കോണ്‍ഗ്രസ് നേതാവ് സി.പി. മുഹമ്മദലി ആരോപിച്ചു. നേതാക്കളുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന വിധത്തില്‍ അണികള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണെന്ന് സി.പി.ഐ പ്രതിനിധി സുലൈമാന്‍ നിര്‍ദേശിച്ചു. തീരദേശ മേഖലയിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടി. അക്രമം ആര് നടത്തിയാലും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ആവശ്യപ്പെട്ടു. വാര്‍ഡ് അംഗം ടി. ഉമ്മര്‍, സി.എം.ടി. ബാവ, പി. ജിഷി, കാദര്‍, കുന്നുമ്മല്‍ ദാസന്‍, യൂനിസ്, ടി.പി. സൈതലവി, ഹംസ ഹാജി എന്നിവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ രോഷ്നി നാരായണന്‍, ഡിവൈ.എസ്.പി കെ.വി. സന്തോഷ്, ഡെപ്യുട്ടി തഹസില്‍ദാര്‍ മുരളി, സി.ഐ ടി.എസ്. ഷിജോയ്, എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.