അമര്‍ഷവും നിരാശയും പുകഞ്ഞ് ജില്ലയിലെ കോണ്‍ഗ്രസ്

മലപ്പുറം: ജില്ലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്‍െറ തട്ടകമായ നിലമ്പൂര്‍ ഉള്‍പ്പെടെ മത്സരിച്ച നാല് മണ്ഡലങ്ങളില്‍ മൂന്നും നഷ്ടപ്പെടാനിടയായതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമര്‍ഷവും നിരാശയും. പരസ്പര ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുന്ന രീതി ഇല്ലാതാക്കി വ്യക്തികളുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പ് സംഘടനയാക്കി മാറ്റിയതുമാണ് പരാജയ കാരണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തല്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ നടക്കുന്ന അവലോകന യോഗങ്ങളില്‍ കടുത്ത വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ദീര്‍ഘനാളായി ജില്ലാ കോണ്‍ഗ്രസിനകത്ത് പുകയുന്ന പ്രശ്നങ്ങള്‍ ഫലം പുറത്തുവന്നതോടെ കൂടുതല്‍ കലുഷിതമായി. ഡി.സി.സി പ്രസിഡന്‍റിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുക്കുന്ന ആര്യാടന്‍ മുഹമ്മദിന്‍െറ ഏകപക്ഷീയ നടപടികളാണ് കോണ്‍ഗ്രസിന്‍െറ ജില്ലയിലെ തകര്‍ച്ചക്ക് കാരണമെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു തന്നെ ചില പ്രാദേശിക നേതാക്കള്‍ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ ആര്യാടന്‍ മുഹമ്മദിന്‍െറ താല്‍പര്യം അടിച്ചേല്‍പ്പിച്ചതാണ് പല വാര്‍ഡുകളിലും പരാജയപ്പെടാന്‍ കാരണമായതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കെ.പി.സി.സിയിലുള്ള സ്വാധീനം ഉപയോഗിച്ച് ആര്യാടന്‍ ജില്ലാ കോണ്‍ഗ്രസിനെ തന്‍െറ കരങ്ങളില്‍ ഒതുക്കുകയാണെന്ന ആക്ഷേപം പല ഡി.സി.സി ഭാരവാഹികളും ഏറെക്കാലമായി രഹസ്യമായി ഉയര്‍ത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ വാഴിക്കാനുള്ള അദ്ദേഹത്തിന്‍െറ തീരുമാനം എതിര്‍പ്പ് രൂക്ഷമാക്കി. ഇതിന്‍െറ അലയൊലികളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം യു.ഡി.എഫ് ഐക്യം മതിയെന്ന ആര്യാടന്‍െറ നിലപാടും പരാജയ കാരണമാണെന്ന് ഒരുവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. വ്യക്തിതാല്‍പര്യത്തിനായി മുസ്ലിംലീഗിനെതിരെയും അവരുടെ നേതാക്കള്‍ക്കെതിരെയും പ്രസ്താവനകള്‍ ഇറക്കി രംഗം കലുഷിതമാക്കിയ ശേഷം തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവരുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നത് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലെ ബന്ധം അകലാന്‍ കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതും വോട്ട് ചോര്‍ച്ചക്ക് കാരണമായി. ജില്ലയില്‍ ബി.ജെ.പി വോട്ടുകളിലുണ്ടായ വളര്‍ച്ച ഗൗരവമായി കണ്ട് പാര്‍ട്ടിതലത്തില്‍ ആവശ്യമായ അഴിച്ചുപണിയും ആസൂത്രണവും ഉണ്ടായില്ളെങ്കില്‍ കോണ്‍ഗ്രസിന്‍െറ പൊടിപോലും എടുക്കാനുണ്ടാവില്ളെന്നാണ് പ്രവര്‍ത്തകരുടെ അടക്കംപറച്ചില്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്‍റ് നടത്തിയ ‘രാജിനാടകം’ പോലെ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ളെന്ന് ഒരു ഡി.സി.സി ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.