ഭൂരിപക്ഷം കുറഞ്ഞെങ്കിലും മലപ്പുറത്ത് ലീഗ് കരുത്ത് തെളിയിച്ചു

മലപ്പുറം: മലപ്പുറം മണ്ഡലത്തില്‍ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. മുസ്ലിം ലീഗിന്‍െറ ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു പി. ഉബൈദുല്ലയുടെ വിജയം. ഭൂരിപക്ഷത്തില്‍ 2011ല്‍ തനിക്ക് ലഭിച്ചതിനെക്കാള്‍ 8836 വോട്ടിന്‍െറ കുറവുണ്ടായെങ്കില്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് മലപ്പുറം മണ്ഡലത്തില്‍ നേടാനായതിനെക്കാള്‍ വോട്ട് സമാഹരിക്കാനായെന്ന് അദ്ദേഹത്തിന് സമാധാനിക്കാം. കഴിഞ്ഞതവണ പി. ഉബൈദുല്ലക്ക് മൊത്തം 77928 വോട്ടും 44508 വോട്ടിന്‍െറ റെക്കോഡ് ഭൂരിപക്ഷവുമായിരുന്നു ലഭിച്ചത്. ഇത്തവണ അത് 81072 വോട്ടും 35672 വോട്ടിന്‍െറ ഭൂരിപക്ഷവുമായി. ഇ. അഹമ്മദിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലഭിച്ചത് 72304 വോട്ടായിരുന്നു. എല്‍.ഡി.എഫിന് കഴിഞ്ഞതവണ ജനതാദളിന്‍െറ സാദിഖ് നടുത്തൊടി നേടിക്കൊടുത്തത് 33420 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ സി.പി.എം സ്ഥാനാര്‍ഥിയായി അഡ്വ. കെ.പി. സുമതി മത്സരിച്ചപ്പോള്‍ വോട്ട് 45400 വോട്ടായി വര്‍ധിച്ചു. പുതിയ വോട്ടര്‍മാരുടെ രംഗപ്രവേശം ഉണ്ടായിട്ടും 11980 വോട്ട് മാത്രമേ സുമതിക്ക് അധികം നേടാനായുള്ളൂ. ബി.ജെ.പി കെ.എന്‍. ബാദുഷ തങ്ങളെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് നേടിയതാണ് ശ്രദ്ധേയമായത്. കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. വേലായുധന്‍ ഇവിടെ 3841 വോട്ടായിരുന്നു നേടിയത്. എന്നാല്‍, ബാദുഷ തങ്ങള്‍ 7211 വോട്ടുകള്‍ സമാഹരിച്ചു. മണ്ഡലത്തിലെ മറ്റൊരു വനിത സാരഥിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗം ഇ.സി. ആയിശ 3330 വോട്ട് നേടി നാലാം സ്ഥാനത്തത്തെി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്രക്ക് ഇവിടെ 2444 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ അവര്‍ക്ക് 3968 വോട്ട് ലഭിച്ചിരുന്നു. പി.ഡി.പി സ്ഥാനാര്‍ഥി അഷ്റഫ് പുല്‍പറ്റ 1550 വോട്ട് സമാഹരിച്ചു. 826 വോട്ട് ‘നോട്ട’ക്കായിരുന്നു. ഭരണവിരുദ്ധ വികാരം അത്ര പ്രകടമായി മലപ്പുറം മണ്ഡലത്തില്‍ പ്രതിഫലിച്ചില്ല എന്നുവേണം കരുതാന്‍. വികസനം മുന്‍നിര്‍ത്തിയായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം. സിറ്റിങ് എം.എല്‍.എ കൂടിയായ ഉബൈദുല്ലക്ക് പറയത്തക്ക ഭീഷണി സൃഷ്ടിക്കാന്‍ പക്ഷേ എല്‍.ഡി.എഫിനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.