350 ഏക്കര്‍ വനം കത്തിനശിച്ചു

നിലമ്പൂര്‍: നാടുകാണി ചുരത്തെ താഴ്വാര പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. വഴിക്കടവ് റെയ്ഞ്ച് മരുത ഒൗട്ട്പോസ്റ്റ് പരിധിയില്‍ തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വനമേഖലയിലാണ് തീ പടര്‍ന്നുപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ശങ്കരന്‍മലയിലെ നറുകുംപൊട്ടി വനമേഖലയില്‍ ആദ്യം തീ പടര്‍ന്നത്. പിന്നീട്ട് ആനപ്പാറ, പുത്തരിപ്പാടം, വെള്ളക്കട്ട വനമേഖലയിലേക്ക് കടന്നു. മുളങ്കാടുകള്‍ നിറഞ്ഞ സ്വാഭാവിക വനമേഖലയാണിത്. മുളങ്കാടുകള്‍ കതിരിട്ട് ഉണങ്ങിയതിനാല്‍ കാട്ടുതീ അതിവേഗമാണ് പടരുന്നത്. ചെങ്കുത്തായ വനമേഖലയായതിനാല്‍ തീ നിയന്ത്രണ വിധേയമാക്കല്‍ സാവകാശമാണ് നടക്കുന്നത്. കാട്ടാന ഉള്‍പ്പെടെ കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. ജില്ലയില്‍ പലയിടത്തുനിന്നായി പിടികൂടിയ രാജവെമ്പാല ഉള്‍പ്പെടെ ഉരഗ ജീവികളെ ഈ വനമേഖലയിലാണ് ഉപേക്ഷിക്കാറ്. തീ പടര്‍ന്ന വനമേഖലയുടെ താഴ്വാര പ്രദേശം ജനവാസ കേന്ദ്രമാണ്. രാത്രി ഏറെ വൈകിയും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. മരുത ഒൗട്ട്പോസ്റ്റിലെ വനം ജീവനക്കാരും വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമം നടത്തിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.