കേരള സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മലപ്പുറത്തേക്ക്

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടര്‍ച്ചയായ രണ്ടാം തവണയും വേദിയായ മലപ്പുറത്തിന് വീണ്ടും കാല്‍പ്പന്തുകളിയുടെ വസന്തം. നിര്‍ദിഷ്ട കേരള സൂപ്പര്‍ ലീഗിലെ (കെ.എസ്.എല്‍) വേദികളിലൊന്ന് കോട്ടപ്പടി സ്റ്റേഡിയമായിരിക്കും. മലപ്പുറം ആസ്ഥാനമായി രൂപവത്കരിക്കുന്ന ടീമിന്‍െറ ഹോം മത്സരങ്ങളാണ് ഇവിടെ നടക്കുക. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറയും സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും തലപ്പത്തിരിക്കുന്നവര്‍ ഫ്രാഞ്ചൈസിയുണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കെ.എസ്.എല്‍ നടത്താനാണ് കേരള ഫുട്ബാള്‍ അസോസിയേഷന്‍ തീരുമാനം. തീയതി തീരുമാനിച്ചിട്ടില്ല. അതിനിടെ, ജില്ലയിലെ കായിക പ്രേമികള്‍ക്ക് വീണ്ടും സന്തോഷിക്കാന്‍ വക നല്‍കി മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തില്‍ സ്ഥിരം ഫ്ളഡ്ലിറ്റ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് പി. ഷംസുദ്ദീന്‍ അറിയിച്ചു. അഞ്ച് കോടി രൂപയാണ് ലഭിക്കുക. ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ താല്‍ക്കാലിക ഫ്ളഡ്ലിറ്റിന് കീഴിലാണ് അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.