മലപ്പുറം ബ്ളോക്കിന് കീഴില്‍ 100 വില്ലകള്‍ നിര്‍മിക്കാന്‍ പദ്ധതി

മലപ്പുറം: കാര്‍ഷിക മേഖലക്കും സേവന മേഖലക്കും മുന്‍ഗണന നല്‍കി മലപ്പുറം ബ്ളോക്ക് പഞ്ചായത്തിന്‍െറ 2016-17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നുകോടി രൂപ ചെലവില്‍ 100 വില്ലകള്‍ നിര്‍മിക്കുമെന്നതും ലേബര്‍ ബാങ്ക് രൂപവത്കരിക്കുമെന്നതുമാണ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. കേന്ദ്ര സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി തേടി നടപ്പാക്കുന്ന 100 വില്ലകളുടെ പദ്ധതിക്ക് പൊതുജന പങ്കാളിത്തവും തേടും. പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന 10 സ്ഥലങ്ങളില്‍ 10 വീതം വില്ലകളാണ് നിര്‍മിക്കുക. പൊതുവിഭാഗത്തിന്‍െറ ഇന്ദിര ആവാസ് യോജന ഭവന പദ്ധതിക്കായി ത്രിതല പഞ്ചായത്ത് വിഹിതമായി 3.11 കോടിയും മാറ്റിവെച്ചു. നെല്‍കര്‍ഷകര്‍ നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമായാണ് ലേബര്‍ ബാങ്ക് രൂപവത്കരിക്കുന്നത്. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫിസ് നിര്‍മിക്കാന്‍ 11.97 ലക്ഷവും വകയിരുത്തി. കാര്‍ഷിക മേഖലക്കും സേവന മേഖലക്കുമായി 82 ശതമാനം നീക്കിയിരിപ്പാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ആകെ 18.24 കോടി വരവും 18.17 കോടി ചെലവും 6.91 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍ 2.22 കോടിയും പ്രത്യേക ഘടക പദ്ധതികള്‍ക്ക് 70.07 ലക്ഷവും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 15,000 രൂപയും ഉള്‍പ്പെടുത്തി ആകെ 2.92 കോടിയാണ് പദ്ധതി വിഹിതമായി ലഭിക്കുന്നത്. ആസ്തി സംരക്ഷണ ഫണ്ടായി 46.01 ലക്ഷവും ജനറല്‍ പര്‍പസ് ഫണ്ടിനത്തില്‍ 33.04 ലക്ഷവുമാണ് ലഭിക്കുക. വാടകയിനത്തില്‍ രണ്ട് ലക്ഷം വരവ് പ്രതീക്ഷിക്കുന്നുണ്ട്. വിഹിതത്തിന്‍െറ 18 ശതമാനം പശ്ചാത്തല മേഖലക്ക് മാറ്റിവെച്ചു. ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ റോഡുകള്‍ക്കായി 37.5 ലക്ഷവും വകയിരുത്തി. കേരളോത്സവ നടത്തിപ്പിനായി 70,000 രൂപയും വകയിരുത്തി. 2015-16 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ നീക്കിയിരിപ്പ് ഉള്‍പ്പെടെ 3.57 കോടിയാണ് ലഭിച്ചത്. ഇതില്‍ 1.88 കോടി ജനറല്‍ വിഭാഗത്തിലും 24.92 ലക്ഷം പ്രത്യേക ഘടക പദ്ധതിയിലും ചെലവഴിച്ചു. മൂന്ന് സ്പില്‍ ഓവര്‍ പ്രവൃത്തികളും 55 പുതിയ പദ്ധതികളും ഉള്‍പ്പെടെ 58 പ്രോജക്ടുകളാണുള്ളത്. ഇതില്‍ 27 എണ്ണം പൂര്‍ത്തികരിച്ചു. ഒതുക്കുങ്ങലില്‍ വനിതാ വ്യവസായ കേന്ദ്രത്തിന്‍െറ ഒന്നാം നിലയുടെ നിര്‍മാണം 27.94 ലക്ഷം ചെലവില്‍ പൂര്‍ത്തിയാക്കി. 16.52 ലക്ഷം ചെലവില്‍ 24 അംഗപരിമിതര്‍ക്കായി മുച്ചക്ര സ്കൂട്ടറുകള്‍ നല്‍കി. പശ്ചാത്തല മേഖലയില്‍ ഏറ്റെടുത്ത 34 പ്രവൃത്തികളില്‍ 20 എണ്ണം പൂര്‍ത്തിയാക്കിയതായും ബജറ്റില്‍ ചൂണ്ടിക്കാട്ടി. ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് വി.എ. റഹ്മാന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് സലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.