ഹരിതഭാരത ദൗത്യം പദ്ധതി നീലഗിരി ജൈവമണ്ഡലത്തിന് പുതുജീവനേകും

നിലമ്പൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭവിഷ്യത്ത് നേരിടുന്നതിനായുള്ള ദേശീയ കര്‍മപദ്ധതിയായ ‘ഹരിതഭാരത ദൗത്യ’ ത്തിലുള്‍പ്പെടുത്തി നടപ്പാക്കുന്ന കാര്യങ്ങള്‍ നീലഗിരി ജൈവമണ്ഡലത്തിന് നേട്ടമാകും. വനസമ്പത്തിന്‍െറ ഗുണമേന്മയും വിസ്തീര്‍ണവും വര്‍ധിപ്പിക്കുക, അഗ്രോ ഫോറസ്ട്രി പ്രവര്‍ത്തനവും നഗരവത്കരണവും വിപുലീകരിക്കുക, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക, വനാശ്രിത സമൂഹങ്ങളുടെ ജീവിതോപാധികള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ‘ഹരിതഭാരത ദൗത്യം’ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ, ശുദ്ധജല സുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം, കാര്‍ബണ്‍ സംഭരണം, ദേശീയതലത്തില്‍ അഞ്ച് ദശലക്ഷം ഹെക്ടറില്‍ വനവത്കരണം എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി നിര്‍ദേശിച്ച കാര്യങ്ങളില്‍ തണ്ണീര്‍ത്തട വികസനത്തിലും വനവത്കരണത്തിലുമാണ് നീലഗിരി ജൈവമണ്ഡലം പരിഗണന അര്‍ഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് തയാറാക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നീലഗിരി ജൈവമണ്ഡലം നാശത്തിലേക്ക് നീങ്ങുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍െറ കടന്നുകയറ്റവും മൂലം നീരുറവകളും ജലസ്രോതസ്സുകളും ശോഷിച്ചു. തണ്ണീര്‍ത്തടങ്ങളാലും കുളങ്ങളാലും ചതുപ്പുനിലങ്ങളാലും സമ്പുഷ്ടമായിരുന്ന ജൈവമണ്ഡലം ഇപ്പോള്‍ വരള്‍ച്ചയുടെ പിടിയിലാണ്. ജലാശയങ്ങള്‍ സംരക്ഷിക്കാനോ വനവത്കരണം നടപ്പാക്കാനോ സാധ്യമായില്ല. വൃക്ഷനിബിഡമായിരുന്ന നിലമ്പൂര്‍ കാടുകള്‍ പോലും മൈതാനതുല്യമായി. ചില ഭാഗങ്ങളില്‍ വനസംരക്ഷണസമിതികളുടെ മേല്‍നോട്ടത്തില്‍ ഒൗഷധസസ്യങ്ങള്‍ പിടിപ്പിച്ച് ലക്ഷങ്ങള്‍ പാഴാക്കിയെന്നല്ലാതെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ടായില്ല. ഹരിതഭാരതം പദ്ധതിയുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നോര്‍ത്, സൗത് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തില്‍ കര്‍മപദ്ധതി തയാറാക്കല്‍ തുടങ്ങി. തണ്ണീര്‍ത്തടങ്ങള്‍ക്കാണ് മുന്തിയ പരിഗണനയെന്ന് സൗത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജി പറഞ്ഞു. വനവത്കരണവും സാമൂഹിക വനവത്കരണ വിഭാഗത്തിന്‍െറ മേല്‍നോട്ടത്തില്‍ നഗരവൃക്ഷവത്കരണവും നടപ്പാക്കും. വനസംരക്ഷണ- പരിസ്ഥിതി വികസന സമിതികള്‍, കുടുംബശ്രീ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി തയാറാക്കുകയെന്ന് നോര്‍ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ പറഞ്ഞു. സംസ്ഥാനത്തിന് 1000 കോടി രൂപയാണ് പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.