മിടുക്കികള്‍ പടികടന്നത്തെി, വഴിമാറിയത് സ്കൂളിന്‍െറ പേരും ചരിത്രവും

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് സ്കൂളിന്‍െറ പേര് മാറ്റാന്‍ കഴിയുമോ? മലപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറ് പെണ്‍കുട്ടികള്‍ പറയും ഞങ്ങള്‍ക്കതിന് കഴിയുമെന്ന്. അവര്‍ ആറ് പേര്‍ ഈ സ്കൂളിന്‍െറ പടികടന്നത്തെിയതോടെ മലപ്പുറം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നായി പേരു മാറ്റിയിരിക്കുന്നു. ഇനി മുതല്‍ ഈ സ്കൂളിലെ 1200 ലധികം വരുന്ന ആണ്‍പടക്കിടയില്‍നിന്ന് ഈ ആറുപേരുടെ വളകിലുക്കങ്ങളുമുയരും. ഫാത്തിമ ഷെറിന്‍, ഫാത്തിമ ഷിഫ, മിജുന ഷെറിന്‍, ആയിഷ വര്‍ദ, അന്‍ഷിദ, നിയ അസീസ് എന്നിവരാണ് ബോയ്സ് സ്കൂളിന്‍െറ ചരിത്രം തിരുത്തിയെഴുതിയ ആ പെണ്‍കുട്ടികള്‍.ഒന്നര നൂറ്റാണ്ടിന്‍െറ ചിരിത്രമുള്ള മലപ്പുറം ഗവ. ഹൈസ്കൂള്‍ 1993 ലാണ് ബോയ്സും ഗേള്‍സുമായി മതിലിനപ്പുറവും ഇപ്പുറവും രണ്ടായി പിരിഞ്ഞത്. അന്നുതൊട്ടിന്നോളം ബോയ്സ് സ്കൂളില്‍ പെണ്‍കുട്ടികള്‍ പഠിച്ചിട്ടില്ല. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും നിരന്തര ആവശ്യങ്ങളും നിവേദനങ്ങളും പരിഗണിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശം നല്‍കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. 2015 ജൂണ്‍ 20 നാണ് അനുമതി ലഭിച്ചത്. അധ്യയനം ജൂണ്‍ ഒന്നിന് തുടങ്ങിയതിനാല്‍ ആ വര്‍ഷം പെണ്‍കുട്ടികളെ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അഞ്ചാം ക്ളാസിലേക്കാണ് ഇത്തവണ പെണ്‍കുട്ടികള്‍ക്ക് പ്രവേശം നല്‍കിയത്. കുട്ടികള്‍ എത്തിയാല്‍ ആറ്, ഏഴ് ക്ളാസുകളിലും പ്രവേശം നല്‍കുമെന്ന് പ്രധാനാധ്യാപകന്‍ എം. പത്മനാഭന്‍ പറയുന്നു. ഇംഗ്ളീഷ് മീഡിയം ബാച്ചായതിനാല്‍ 11 കുട്ടികളേ നിലവില്‍ ഇവരുടെ അഞ്ച് എ ക്ളാസിലുള്ളൂ. ആണ്‍കൂട്ടത്തിനിടയില്‍ പെട്ടതിന്‍െറ അമ്പരപ്പ് ആദ്യ ദിവസങ്ങളിലൊക്കെ കുട്ടികള്‍ക്കുണ്ടായിരുന്നെങ്കിലും പിന്നീടത് മാറിയെന്ന് അധ്യാപകര്‍ പറയുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശം നേടുമെന്നാണ് സ്കൂള്‍ അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.