ബൈപാസുണ്ടായിട്ടും വലിയ വാഹനങ്ങള്‍ പകലിലും പെരിന്തല്‍മണ്ണ നഗരത്തിലൂടെ

പെരിന്തല്‍മണ്ണ: ടൗണില്‍ എത്താതെ ഏത് ഭാഗത്തേക്കും കടന്ന് പോകാന്‍ സൗകര്യമുണ്ടായിട്ടും പാചകവാതക ടാങ്കറുകളും കണ്ടെയ്നര്‍ ലോറികളും അടക്കമുള്ളവ പകല്‍ സമയങ്ങളിലും പെരിന്തല്‍മണ്ണ നഗരത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു. രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ വലിയ ചരക്കു വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. കോഴിക്കോട് നിന്നുള്ള വാഹനങ്ങള്‍ക്ക് പാലക്കാട്ടേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ബൈപാസ് റോഡുണ്ട്. കോഴിക്കോട് റോഡില്‍ ആയിഷ കോംപ്ളക്സിന് സമീപത്തുനിന്നാരംഭിച്ച് ഊട്ടി റോഡിലെ മാനത്ത്മംഗലത്ത് എത്തി അവിടെ നിന്ന് പാലക്കാട് റോഡിലെ പാണമ്പിക്ക് സമീപം ചെന്ന് കയറുന്ന രീതിയിലുള്ളതാണ് പ്രധാന ബൈപാസ്. മലപ്പുറം ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങള്‍ക്ക് ടൗണില്‍ എത്താതെ ജൂബിലി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ജൂബിലി റോഡ് വഴി പട്ടാമ്പി ഭാഗത്തേക്കും ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കും കടന്നു പോകാം. തൃശൂര്‍, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളാണ് പലപ്പോഴും ബൈപാസ് വഴി തിരിഞ്ഞ് പോകാതെ നേരെ ടൗണിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ വരുന്നവ പ്രധാന ജങ്ഷനില്‍ നിന്ന് ഊട്ടി റോഡിലേക്ക് കയറിയാല്‍ എതിര്‍ദിശയില്‍ നിന്നുള്ള വലിയ വാഹനങ്ങളുടെ വരവോടെ വലിയങ്ങാടി ഭാഗത്ത് വാഹനക്കുരുക്ക് തീര്‍ക്കുന്നു. പട്ടാമ്പി റോഡില്‍ നിന്ന് ജൂബിലി ബൈപാസ് വഴി ആയിഷ കോംപ്ളക്സ് ജങ്ഷന്‍ കടന്ന് മാനത്തുമംഗലം ബൈപാസിലൂടെ പ്രയാസമില്ലാതെ നിലമ്പൂര്‍ ഭാഗത്തേക്ക് പോകാമെന്നിരിക്കെയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.