മലപ്പുറം: മഴക്കാല റോഡപകടങ്ങള്‍ കുറക്കാനായി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ‘ഓപറേഷന്‍ റെയിന്‍ബോ’ എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ജില്ലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തും. ഇതിന്‍െറ ഭാഗമായി വാഹനങ്ങളില്‍ വൈപ്പര്‍, ടൈല്‍ ലാംപ്സ്, ടയറുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. അല്ലാത്ത വാഹനങ്ങള്‍ ജൂണ്‍ ഏഴിന് മുമ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും മദ്യപിച്ചും അപകടകരമായ രീതിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി വാഹനം ഓടിക്കുന്നവരെയും വാഹനത്തിന്‍െറ ഉടമസ്ഥരെയും എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രൈവേഴ്സ് ട്രെയ്നിങ് ആന്‍ഡ് റിസര്‍ച് കേന്ദ്രത്തില്‍ ഒരുദിവസത്തെ ട്രെയ്നിങ് നല്‍കും. സ്കൂള്‍ ബസുകളുടെ കാര്യത്തില്‍ ഫിറ്റ്നസ് സംബന്ധമായും ഡ്രൈവര്‍, ആയ എന്നിവരെ നിയമിക്കുന്ന കാര്യത്തിലും നിലവിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരും. എല്ലാ സ്കൂളിലും ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ച് അതിന്‍െറ കീഴില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്കൂള്‍ മാനേജര്‍, പി.ടി.എ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവര്‍ക്ക് ട്രാഫിക് ബോധവത്കരണ ക്ളാസുകള്‍ നല്‍കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നടത്തും. പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെട്ട് കെ.പി ആക്ട് 72 വകുപ്പ് പ്രകാരമുള്ള ട്രാഫിക് റെഗുലേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തില്‍ അപകട പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് തടയാന്‍വേണ്ടി നിയമനടപടികള്‍ സ്വീകരിക്കുന്നതിനുപുറമെ കുട്ടികള്‍ക്കും വാഹന ഉടമകള്‍ക്കും രക്ഷിതാക്കള്‍ക്കും ഐ.ഡി.ടി.ആര്‍ കേന്ദ്രത്തില്‍ ഒരുദിവസത്തെ പഠനക്ളാസ് നല്‍കും. ഈ മാസം ഏഴുമുതല്‍ കര്‍ശനമായ പരിശോധന നടത്തി നിയമനടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ വാഹനങ്ങളില്‍ ചെക്സ്ളിപ്പ് പതിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.