ഇനിയവള്‍ ഒറ്റക്കല്ല; കൊച്ചനുജത്തിമാരുടെ ‘കനിവു’ണ്ട് കൂടെ

മലപ്പുറം: വിദ്യാലയ മുറ്റത്ത് ഓടിച്ചാടി ആഹ്ളാദത്തിന്‍െറ വളകിലുക്കം തീര്‍ത്ത ഒരു സ്കൂള്‍ കാലമുണ്ടായിരുന്നു അവള്‍ക്കും. നിനച്ചിരിക്കാതെയത്തെിയ അപകടം തളര്‍ത്തിയ ശരീരവുമായി വീടകത്ത് ആശയറ്റ് കഴിയവെ, പതിറ്റാണ്ടിനിപ്പുറം അതേ വിദ്യാലയമുറ്റത്തുനിന്ന് അവളെ തേടി കൊച്ചനുജത്തിമാരുടെ സ്നേഹവിളിയത്തെി. അവരുടെ സനേഹവും കരുതലും വീല്‍ചെയറിന്‍െറ രൂപത്തില്‍ പടികടന്നത്തെിയപ്പോള്‍ ദീര്‍ഘകാലത്തെ അവളുടെ ഏകാന്തതക്ക് കൂടിയാണ് അറുതിയായത്. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ‘കനിവ്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയായ കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശിനിക്ക് വീല്‍ചെയര്‍ കൈമാറിയത്. ‘കനിവ്’ പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തിന്‍െറ ഭാഗമായി നടന്ന വീല്‍ചെയര്‍ വിതരണം കലക്ടര്‍ എസ്. വെങ്കടേസപതി ഉദ്ഘാടനം ചെയ്തു. ഇവരുടെ ചലനശേഷിയില്ലാത്ത ഏകമകനായ 12 വയസ്സുകാരന് വേദിയില്‍ കലക്ടര്‍ സഹായം പ്രഖ്യാപിച്ചു. മങ്ങാട്ടുപുലം എല്‍.പി സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് സ്കൂളില്‍ പോകാനാവശ്യമായ സംവിധാനമൊരുക്കുമെന്നാണ് കലക്ടര്‍ പ്രഖ്യാപിച്ചത്. ഗേള്‍സ് സ്കൂളിലെ ഓരോ വിദ്യാര്‍ഥിയും ആഴ്ചയിലൊരിക്കല്‍ നല്‍കുന്ന ഒരു രൂപ സംഭാവനയാണ് ‘കനിവ്’ പദ്ധതിയുടെ വരുമാന സ്രോതസ്സ്. പദ്ധതി പ്രകാരം സ്കൂളുമായി ബന്ധപ്പെട്ട പത്ത് നിര്‍ധന കുടുംബങ്ങളുടെ ഭക്ഷണം, വസ്ത്രം, ചികിത്സ ഉള്‍പ്പെടെ ചെലവുകള്‍ വിദ്യാര്‍ഥിനികള്‍ വഹിച്ചുപോരുന്നു. നട്ടെല്ലിന് ക്ഷതമേറ്റവര്‍, ദീര്‍ഘകാലമായി കിടപ്പിലായവര്‍, തീരെ ചലനശേഷിയില്ലാത്തവര്‍, ജോലി ചെയ്യാനാകാത്ത വികലാംഗര്‍, വൃക്കരോഗികള്‍, മറ്റു നിത്യരോഗികള്‍, അനാഥകള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ദേശങ്ങള്‍ വാങ്ങിയ ശേഷം അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ മുഖേന വിവരങ്ങള്‍ അന്വേഷിച്ച് അര്‍ഹത ഉറപ്പ് വരുത്തിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. 2013 ആഗസ്റ്റിലാണ് കനിവ് പദ്ധതി തുടങ്ങിയത്. മാസത്തിലൊരിക്കല്‍ ഒരുപിടി അരി, ഒരു ടീസ്പൂണ്‍ പഞ്ചസാര, ചായപ്പെടി, മല്ലി, മഞ്ഞള്‍, മുളക് തുടങ്ങിയവ വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍നിന്ന് കൊണ്ടുവന്ന് അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ച് കൊടുക്കുന്ന രീതിയായിരുന്നു തുടക്കത്തില്‍. എന്നാല്‍, ഇപ്പോള്‍ ഓരോ വിദ്യാര്‍ഥിയും എല്ലാ വെള്ളിയാഴ്ചയും ഒരു രൂപ വീതം കനിവിലേക്ക് സംഭാവന നല്‍കും. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആവശ്യമായത്രയും അരിയും പലവ്യഞ്ജനങ്ങളും സോപ്പ്, അലക്ക് സോപ്പുള്‍പ്പെടെയുള്ള വസ്തുകളും കടകളില്‍നിന്ന് വാങ്ങാം. ചെലവ് തുക മാസാവസാനം കനിവ് നിധിയില്‍നിന്ന് കടകള്‍ക്ക് നല്‍കും. പരിപാടിയില്‍ നഗരസഭാംഗം കെ.വി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. മനോജ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ് മേല്‍മുറി എന്നിവര്‍ സംസാരിച്ചു. ഹൈസ്കൂള്‍ പ്രധാനാധ്യാപിക കെ. ശശിപ്രഭ സ്വാഗതവും കനിവ് കണ്‍വീനര്‍ കെ. ഹംസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.