തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാന്‍ പദ്ധതികള്‍

തേഞ്ഞിപ്പലം: സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്താക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് തേഞ്ഞിപ്പലത്ത് മുന്‍ഗണന. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ഇത്തവണ തേഞ്ഞിപ്പലം പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു പുറമേ 2016-17 വര്‍ഷത്തില്‍ ആരോഗ്യ ഗ്രാമം, തെരുവ് വിളക്ക് സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം, പൊതുശ്മശാനത്തിന് സ്ഥലം വാങ്ങല്‍, സ്വച്ഛ് ഭാരത് കക്കൂസ് നിര്‍മാണം, ഡയാലിസിസ് കേന്ദ്രത്തിന് ധനസഹായം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളും പരിഗണനയിലുണ്ട്. കരിങ്ങാംകുളം-ആലുങ്ങല്‍ റോഡ് നിര്‍മാണം, കോഹിനൂര്‍-എസ്.സി കോളനി റോഡ്, മണികുളത്ത് പറമ്പ്-എസ്.സി കോളനി റോഡ് എന്നിവ പദ്ധതിയില്‍ ഇടംപിടിച്ചു. ചാപ്പപ്പാറ മിച്ചഭൂമി എസ്.സി കുടിവെള്ള പദ്ധതി (പൈപ്പ്ലൈന്‍ നീട്ടല്‍), ചാലിയില്‍ എസ്.സി കുടിവെള്ള പദ്ധതി പൈപ്പ്ലൈന്‍ നീട്ടല്‍, ചുള്ളോട്ടുപറമ്പ് എസ്.സി കോളനി കുടിവെള്ള പദ്ധതി വൈദ്യുതീകരണം, മുക്കൂട് കോലയം വീട് എസ്.സി കോളനി പൈപ്പ്ലൈന്‍ നീട്ടല്‍, വാരിയംമാട് എസ്.സി കോളനി പൈപ്പ്ലൈന്‍ വ്യാപനം, പോക്കാട്ടുങ്ങല്‍ അങ്കണവാടിക്ക് സ്ഥലം വാങ്ങല്‍, ചാലിയില്‍ ശ്മശാനം പനരുദ്ധാരണം എന്നിവയും പദ്ധതിയിലുണ്ട്. വികസന സെമിനാര്‍ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഫിയ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാന്‍, തിരൂരങ്ങാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കലാം മാസ്റ്റര്‍, ബ്ളോക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ചാക്യാടന്‍, ബ്ളോക് മെംബര്‍ എം. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തില്‍നിന്ന് രാഷ്ട്രപതി പുരസ്കാരം നേടിയ ചേളാരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക പുഷ്പ, വിദ്യാര്‍ഥിനി ചിത്ര എന്നിവരെയും പഞ്ചായത്തിലെ സ്കൂളുകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിന് എളമ്പുലാശ്ശേരി സ്കൂള്‍ അധ്യാപകന്‍ പി. മുഹമ്മദ് ഹസ്സന്‍, കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ രക്ഷിച്ച സജിത്ത് എന്നിവരെയും എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.