നഗരസഭകളില്‍ 2674 ശൗചാലയങ്ങള്‍ നിര്‍മിക്കുന്നു

മലപ്പുറം: തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഒഴിവാക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ 12 നഗരസഭകളിലായി 2674 ശൗചാലയങ്ങള്‍ പണിയുന്നു. 76 ഗുണഭോക്താക്കള്‍ക്ക് മലപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ ആദ്യ ഗഡുവായ 5,000 രൂപ നല്‍കി. 15,400 രൂപയാണ് ആകെ ചെലവ്. കോട്ടക്കല്‍ നഗരസഭ പരസ്യ വിസര്‍ജന രഹിതം (ഒ.ഡി.എഫ്) എന്ന നേട്ടം കൈവരിച്ചു. കോട്ടക്കലില്‍ ബ്ളോക്ക്-ജില്ലാതല പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സംസ്ഥാന ശുചിത്വമിഷന് സമര്‍പ്പിക്കും. ആദ്യ പടിയായി ഓരോ വാര്‍ഡിലും ‘ഒ.ഡി.എഫ്’ പ്രഖ്യാപനം നടത്തണം. പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിമാരും സ്കൂള്‍-അങ്കണവാടി മേധാവികളും തങ്ങളുടെ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നവരില്ളെന്ന് സെക്രട്ടറിക്ക് എഴുതി നല്‍കണം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നോട്ടീസ് ബോര്‍ഡ്, പത്ര-ദൃശ്യ മാധ്യമങ്ങള്‍ എന്നിവ വഴി നല്‍കണം. ആക്ഷേപങ്ങളില്ളെങ്കില്‍ പ്രത്യേക ഭരണസമിതിയോഗം വിളിച്ച് തദ്ദേശസ്ഥാപനത്തെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കാം. വിവരം ജില്ലാ ശുചിത്വമിഷനെ രേഖാമൂലം അറിയിക്കണം. തുടര്‍ന്ന് ചെക്ലിസ്റ്റുമായി ബ്ളോക്ക്തല പരിശോധനാസംഘം സ്ഥാപന പരിധിയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍, പൊതു ശൗചാലയങ്ങള്‍, ഒരോ വാര്‍ഡിലെയും 10 വീടുകള്‍ എന്നിവ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. പട്ടിക വര്‍ഗ/ജാതി, ആദിവാസി തീരദേശ വീടുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കണം. സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ പരിശോധന പൂര്‍ത്തിയാക്കി സ്വച്ഛ് ഭാരത് ഗ്രാന്‍റ് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുമെന്ന് ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു. നഗരസഭകളിലെ സ്വച്ഛ് ഭാരത് പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മലപ്പുറം പി.എ.യു ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷര്‍, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍, എച്ച്.ഐ, പ്ളാന്‍ കോഓഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോഓഡിനേറ്റര്‍ ടി.പി. ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ഒ. ജ്യോതിഷ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.