കിതപ്പിന് ബ്രേക്ക്; ‘ആനവണ്ടി’ മുന്നോട്ട്

മലപ്പുറം: സര്‍വിസുകളും ട്രിപ്പുകളും കുറഞ്ഞ് കലക്ഷനില്ലാതെ കട്ടപ്പുറത്തേക്ക് നീങ്ങുന്ന കെ.എസ്.ആര്‍.ടി.സി മലപ്പുറം സബ്ഡിപ്പോയില്‍ നിന്ന് നല്ല വാര്‍ത്ത. ജൂലൈ മാസം അവസാനത്തോടടുക്കുമ്പോള്‍ വരുമാനത്തില്‍ കുതിപ്പ് രേഖപ്പെടുത്തി നഷ്ടത്തിലോടുന്ന പൊതുഗതാഗത സംവിധാനത്തിന് ആശ്വാസമാവുകയാണ് ജില്ലാ ആസ്ഥാനത്തെ സബ് ഡിപ്പോ. 25 മുതല്‍ 31 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന കലക്ഷന്‍ വാരാചരണം കഴിയുമ്പോള്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 70,000 മുതല്‍ 80,000 വരെ രൂപയുടെ വര്‍ധനവാണ് ഈ മാസം ഉണ്ടായത്. വരുമാനത്തില്‍ ഏറെ കുറവ് വരാറുള്ള സീസണായിട്ടും ജൂലൈ 18ന് 8,16,000 രൂപയെന്ന റെക്കോഡ് കലക്ഷനും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഏഴ് ലക്ഷം കവിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി ലോ ഫ്ളോര്‍ സര്‍വിസുകള്‍ വന്‍ വിജയമായതാണ് വരുമാന വര്‍ധനവിന്‍െറ പ്രധാന ഹേതു. ഞായറാഴ്ച 49 സര്‍വിസുകളില്‍ നിന്നായി 7,33,000 രൂപ ലഭിച്ചു. 51 സര്‍വിസ് ഓടിയ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യഥാക്രമം ഏഴ് ലക്ഷവും 7,80,000വും ആണ് കലക്ഷന്‍. ഒരു കാലത്ത് 70ലധികം സര്‍വിസുകളുണ്ടായിരുന്ന മലപ്പുറത്ത് പിന്നീടത് 50ല്‍ താഴെയത്തെിയിരുന്നു. ജൂണില്‍ ശരാശരി 45 എണ്ണമാണ് ഓടിയത്. ഈ മാസം 50 കടന്നു. തിരൂര്‍-മഞ്ചേരി റൂട്ടില്‍ സര്‍വിസുകള്‍ കുറഞ്ഞത് മൂലം ഓര്‍ഡിനറി ബസുകളുടെ പ്രതിദിന കലക്ഷനില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഈ റൂട്ടില്‍ നടന്ന സ്വകാര്യ ബസ് പണിമുടക്കും കെ.എസ്.ആര്‍.ടി.സിക്ക് അനുഗ്രഹമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.