സ്മരിക്കാന്‍ മൂന്ന് രക്തസാക്ഷികള്‍; ജൂലൈ കാളികാവിന് മരിക്കാത്ത ഓര്‍മ

കാളികാവ്: ജൂലൈ മാസം മലയോര പ്രദേശമായ കാളികാവിന് നല്‍കുന്നത് മൂന്ന് രക്ത സാക്ഷികളുടെ വേദനിപ്പിക്കുന്ന ഓര്‍മകളാണ്. 1999 ജൂലൈയില്‍ ഇതേ പോലൊരു മഴക്കാലത്താണ് കാളികാവ് ചെങ്കോട്ടിലെ പരേതനായ പൂതന്‍കോട്ടില്‍ മുഹമ്മദിന്‍െറയും ഫാത്തിമ സുഹ്റയുടെയും മകന്‍ ജവാന്‍ അബ്ദുല്‍ നാസര്‍ കാശ്മീരിലെ കാര്‍ഗില്‍ മഞ്ഞുമലകളില്‍ പാകിസ്താന്‍ സൈന്യത്തിന്‍െറ ഷെല്ലാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ഒന്നര പതിറ്റാണ്ട് തികയുന്ന വേളയില്‍ അതിര്‍ത്തി കടന്നത്തെിയ ശത്രു സൈന്യത്തിനെതിരെ പോരാടി രക്തസാക്ഷികളായവരില്‍ കാളികാവിന്‍െറ വീരപുത്രന്‍ നാസറും ഉള്‍പ്പെട്ടിരുന്നുവെന്നത് വേര്‍പ്പാടിന്‍െറ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ക്കിടയിലും നാട്ടുകാര്‍ക്കും കുടുംബത്തിനും അഭിമാനകരമാണ്. 22 വയസ്സുകാരനായിരുന്ന ജവാന്‍ നാസറിന്‍െറ വീര മൃത്യു നാടിന് മറക്കാനാവില്ല. 1969 ജൂലൈ 28നാണ് എം.എല്‍.എയും ഏറനാട്ടിലെ കമ്യൂണിസ്റ്റ് നേതാവുമായ കെ. കുഞ്ഞാലി ചുള്ളിയോട്ട് രാഷ്ട്രീയ എതിരാളികളുടെ തോക്കിനിരയായത്. വെടിയേറ്റ് പരിക്കേറ്റ കുഞ്ഞാലി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണപ്പെട്ടത്. ജന്മം കൊണ്ട് കൊണ്ടോട്ടി സ്വദേശിയായിരുന്നുവെങ്കിലും കാളികാവായിരുന്നു കുഞ്ഞാലിയുടെ കര്‍മമണ്ഡലം. കേരള എസ്റ്റേറ്റ്, പുല്ലങ്കോട് എസ്റ്റേറ്റ് അടക്കമുള്ള തോട്ടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തത് കുഞ്ഞാലിയായിരുന്നു. കാളികാവിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായിരുന്നു കുഞ്ഞാലി. കാളികാവ് ജുമാമസജിദ് ഖബര്‍സ്ഥാനിലാണ് കുഞ്ഞാലിയുടെ അന്ത്യ വിശ്രമം. 1980 ജൂലൈ 30ന് അറബി ഭാഷ സംരക്ഷണത്തിനായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടയാണ് കാളികാവ് സ്വദേശി ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ മരിച്ചത്. സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ യൂത്ത് ലീഗ്് പ്രവര്‍ത്തകനായിരുന്ന കുഞ്ഞിപ്പ കൊല്ലപ്പെടുകയായിരുന്നു. നാസറിന്‍െറയും കുഞ്ഞാലിയുടെയും കുഞ്ഞിപ്പയുടെയും രക്തസാക്ഷിത്വങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ കാളികാവിനോടൊപ്പം എന്നുമുണ്ട്. കുഞ്ഞാലി അനുസ്മരണം സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ ജൂലൈ 25ന് ശേഷം നിലമ്പൂരിലെ വിവിധ ഭാഗങ്ങളില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.