ദുരന്തങ്ങള്‍ കണ്ണ് തുറപ്പിക്കുമോ

മലപ്പുറം: ഞായറാഴ്ച രാവിലെ കിഴക്കത്തേലയില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ച അപകടം നടന്നപ്പോള്‍ പരിസരത്തുണ്ടായിരുന്നവരെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തി വിരല്‍ ചൂണ്ടിയത് അശാസ്ത്രീയമായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെയായിരുന്നു. പതിവായി അപകടമുണ്ടാക്കുന്ന ട്രാഫിക് സിഗ്നല്‍ ഇപ്പോള്‍ ഒരു ജീവനെടുത്തിരിക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കൂറ്റന്‍ലോറിയില്‍ സ്കൂട്ടര്‍ കുരുങ്ങിയായിരുന്നു അപകടം. സിഗ്നല്‍ സമയം തീരുന്നതിന് മുമ്പേ കടന്നു പോകാന്‍ സ്കൂട്ടറിനെ ലോറി മറികടക്കുകയായിരുന്നു. എത്ര തിരക്കുള്ള സമയത്തും കുറഞ്ഞ സമയമാണ് ഇവിടെ ഓരോ ദിശയിലേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാനായി അനുവദിക്കുന്നത്. ഇതിന് പുറമെ വാഹന ഡ്രൈവര്‍മാരുടെ അശ്രദ്ധയും ക്ഷമയില്ലായ്മയും അപകടത്തിന് കാരണമാണ്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ നല്‍കിയിരിക്കുന്ന സമയം 20 സെക്കന്‍ഡാണ്. ഈ ഭാഗത്തേക്കുള്ള ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതാകട്ടെ റൗണ്ട് എബൗട്ടും കടന്നാണ്. ആറ് സെക്കന്‍ഡ് സമയം റൗണ്ട് എബൗട്ടിലേക്കത്തൊന്‍ വേണം. അതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റൗണ്ട് എബൗട്ടിന് തൊട്ടുള്ള ക്രോസ് റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ചെറിയ വാഹനങ്ങളെ പരിഗണിക്കാറില്ല. ഇത്തരത്തില്‍ പ്രധാനറോഡിലേക്കിറങ്ങിയ സ്കൂട്ടര്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വാഹനങ്ങളും ഒരേ ദിശയിലാണെങ്കിലും സ്കൂട്ടര്‍ കൂറ്റന്‍ ലോറിയില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട്-കുന്നുമ്മല്‍ ദിശയിലുള്ള സിഗ്നല്‍ ഇപ്പോഴുള്ളിടത്തുനിന്ന് മാറ്റി മുന്നിലേക്ക് സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകും. മാര്‍ക്കിങ് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയപോലെയാണ് നിര്‍ത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.