കരിപ്പൂര്‍ വിമാനത്താവളം: ഭൂമി വിട്ടുനല്‍കുന്നവരുടെ യോഗം വിളിക്കാന്‍ തീരുമാനം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കല്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ കെ. നഫീസ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിഥുന, കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. നസീറ, ഡെപ്യൂട്ടി കലക്ടര്‍, സ്പെഷല്‍ തഹസില്‍ദാര്‍, ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലായിരുന്നു യോഗം. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള പാക്കേജും സാമൂഹികാഘാത പഠനം നടത്തുന്നതടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍, ഭൂമി വിട്ടുനല്‍കുന്നവരെയാണ് യോഗത്തിലേക്ക് വിളിക്കേണ്ടതെന്നായിരുന്നു ജനപ്രതിനിധികള്‍ അറിയിച്ചത്. തുടര്‍ന്ന് പ്രദേശത്തെ പഞ്ചായത്ത്, നഗരസഭാ അംഗങ്ങളുടെയും പിന്നീട് ഭൂമി വിട്ടുനല്‍കുന്നവരുടെയും യോഗം വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂലൈ 20ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിന് മുന്നോടിയായി ഇവ നടക്കണമെന്ന ആവശ്യവുമുയര്‍ന്നു. 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് യോഗത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 100 ഏക്കര്‍ ഭൂമി പുനരധിവാസത്തിനും ആവശ്യമാണ്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള പാക്കേജ് തയാറാക്കുന്നതിന് മുമ്പ് ഇവരെയെല്ലാം വീടുകളിലത്തെി കണ്ട് സര്‍വേ നടത്തും. സര്‍വേയില്‍ ഇവരുടെ ആവശ്യങ്ങള്‍ അറിയുകയും തുടര്‍ന്ന് നിലവിലെ വിപണിവിലയുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.