ഉച്ചക്ക് ഇറങ്ങിയോ? കണ്‍സഷനില്ല

മലപ്പുറം: സ്കൂള്‍ സ്റ്റോപ്പില്‍നിന്ന് കയറിയ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാതെ വഴിയിലിറക്കി വിടാനുള്ള സ്വകാര്യബസ് കണ്ടക്ടറുടെ ശ്രമം യാത്രക്കാര്‍ ഇടപെട്ട് തടഞ്ഞു. ഉച്ചക്ക് രണ്ടിന് ചമ്രവട്ടത്തുനിന്ന് തിരൂരിലേക്കുള്ള ബസിലാണ് തെക്കുംമുറി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റോപ്പില്‍നിന്ന് വിദ്യാര്‍ഥികള്‍ കയറിയത്. കണ്‍സഷന്‍ നല്‍കിയ വിദ്യാര്‍ഥികളോട് സ്കൂള്‍ സമയമല്ളെന്നും മുഴുവന്‍ ചാര്‍ജ് നല്‍കണമെന്നും പറഞ്ഞാണ് കണ്ടക്ടര്‍ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിടാനൊരുങ്ങിയത്. പൂങ്ങോട്ടുകുളത്താണ് ഇറങ്ങേണ്ടതെന്ന് പറഞ്ഞ വിദ്യാര്‍ഥികള്‍ സിനിമ കാണാന്‍ പോവുകയാണെന്ന് ആരോപിച്ചായിരുന്നു കണ്ടക്ടറുടെ മോശം പെരുമാറ്റം. പേടിച്ചരണ്ട കുട്ടികള്‍ മുഴുവന്‍ ചാര്‍ജ് നല്‍കാനൊരുങ്ങിയെങ്കിലും യാത്രക്കാരില്‍ ചിലര്‍ ഇടപെട്ടു. ഈ സമയം വിദ്യാര്‍ഥികളുടെ പക്കല്‍ കണ്‍സഷന്‍ കാര്‍ഡില്ളെന്ന് കണ്ടക്ടര്‍ വാദിച്ചെങ്കിലും ടിക്കറ്റ് നല്‍കാത്ത കണ്ടക്ടര്‍ നിയമം പറയുന്നത് എന്തിനാണെന്ന് യാത്രക്കാര്‍ തിരിച്ച് ചോദിച്ചു. ഇതോടെ കണ്ടക്ടര്‍ ഒതുങ്ങി. പിന്നീട് പ്രശ്നം വഷളാകുന്നത് കണ്ട് വിദ്യാര്‍ഥികളോട് കണ്‍സഷന്‍ ചാര്‍ജ് പോലും വാങ്ങാന്‍ കണ്ടക്ടര്‍ കൂട്ടാക്കിയില്ല. തിരൂര്‍ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന സ്വകാര്യബസുകളില്‍ കണ്‍സഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നത് പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു. സ്കൂള്‍ നേരത്തേ വിട്ടാല്‍ പോലും കുട്ടികള്‍ക്ക് നാലുമണി വരെ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. കണ്‍സഷന്‍ സമയം രാവിലെയും നാലിന് ശേഷവുമെന്നാണ് ബസ് ജീവനക്കാര്‍ സ്വയം നിശ്ചയിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിരൂര്‍-കാവിലക്കാട്, പുറത്തൂര്‍, കൂട്ടായി, കുറ്റിപ്പുറം, ബീരാഞ്ചിറ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളിലെ ജീവനക്കാരാണ് പതിവായി വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നതത്രെ. എന്നാല്‍, ഈ റൂട്ടുകളില്‍ തന്നെ വിരലിലെണ്ണാവുന്ന ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറുന്നവരാണെന്നും യാത്രക്കാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പരാതി കിട്ടിയാല്‍ നടപടിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.