കാത്തിരിപ്പിന് വിട: കൂളിമാട് പാലത്തിന് തുക അനുവദിച്ചു

എടവണ്ണപ്പാറ: 14 വര്‍ഷത്തെ കാത്തിരിപ്പിനും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും വിരാമം കുറിച്ച് കൂളിമാട് പാലം യാഥാര്‍ഥ്യമാവുന്നു. വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയാണ് പാലം നിര്‍മാണത്തിന് വകയിരുത്തിയത്. സംസ്ഥാനത്ത് 68 പാലങ്ങള്‍ നിര്‍മിക്കാനായി 1475 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍പെട്ട കൂളിമാടും മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ മപ്രം പ്രദേശവും ബന്ധിപ്പിച്ചാണ് ഇരു ജില്ലകളെ കൂട്ടിയിണക്കുന്ന പാലം നിര്‍മിക്കുന്നത്. പത്ത് തൂണുകളില്‍ നിര്‍മിക്കപ്പെടുന്ന പാലത്തിന് 250 മീറ്റര്‍ നീളം വരും. 2002ല്‍ പ്രപോസല്‍ നടക്കുകയും 2004ല്‍ മണ്ണ് പരിശോധനക്കും തുടര്‍ നടപടികളും നടത്തപ്പെട്ട പാലം നിര്‍മാണത്തിന് തുടക്കത്തില്‍ പന്ത്രണ്ടര കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത്. കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിന്‍െറ നേതൃത്വത്തില്‍ നിരന്തരമായി നടത്തപ്പെട്ട പ്രക്ഷോഭ, നിവേദന പരിപാടികളുടെ വിജയം കൂടിയാണ് കൂളിമാട് പാലത്തിന്‍െറ അനുമതിയിലൂടെ സഫലമായത്. പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കൂളിമാട് പ്രദേശത്ത് 17 പേര്‍ക്ക് ഭൂമി വിട്ട് നല്‍കിയതിനുള്ള നഷ്ടപരിഹാരം തുക നേരത്തെ ലഭിച്ചു കഴിഞ്ഞു. മറുകരയിലെ വാഴക്കാട്, മപ്രം പ്രദേശത്തെ ഭൂമി വിട്ടുനല്‍കിയ ഏഴ് പേര്‍ക്ക് നഷ്ടപരിഹാര തുക താമസിയാതെ ലഭിക്കുമെന്നും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.