വെള്ളിയാറിന്‍ തീരത്ത് ഉത്സവാരവം; ചെമ്മാണിയോട് പാലം നാടിന് സമര്‍പ്പിച്ചു

മേലാറ്റൂര്‍: ജനാവലി ഒഴുകിയത്തെിയ പകലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെമ്മാണിയോട്-മേലാറ്റൂര്‍ പാലം നാടിന് സമര്‍പ്പിച്ചു. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള യാത്രാസ്വപ്നത്തിനാണ് ഉത്സവാന്തരീക്ഷത്തില്‍ പൂര്‍ത്തീകരണമായത്. മേലാറ്റൂര്‍-ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വെള്ളിയാര്‍ പുഴക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. രാവിലെ 11നാണ് ഉദ്ഘാടനചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ വെള്ളിയാറിന്‍െറ കരയിലേക്ക് ജനമൊഴുകി. ഉച്ചച്ചൂടിനെ വകവെക്കാതെ ആളുകള്‍ മുഖ്യമന്ത്രിയെ കാത്തുനിന്നു. 12ഓടെയാണ് മുഖ്യമന്ത്രി എത്തിയത്. കോല്‍ക്കളി, ബാന്‍ഡ് മേളം, ആദിവാസി വാദ്യം, പൂക്കാവടി, ശിങ്കാരിമേളം തുടങ്ങിയവ ഉദ്ഘാടന പരിപാടിക്ക് മാറ്റുകൂട്ടി. ഉദ്ഘാടനം നാടിന്‍െറ ആഘോഷമായി ഏറ്റെടുത്ത കാഴ്ചയാണ് കണ്ടത്. ആഘോഷ പരിപാടികള്‍ക്ക് കല്യന്‍ കുഞ്ഞാപ്പ, പി.കെ. സക്കരിയ, ഫല്‍ഗുണന്‍, ദാസന്‍, വെമ്മുള്ളി റഷീദ്, കെ.പി. ലത്തീഫ്, കെ. ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപഹാരം മേലാറ്റൂര്‍ യൂനിറ്റ് പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ കൈമാറി. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വന്‍ വികസന മുന്നേറ്റമുണ്ടാക്കാന്‍ മന്ത്രി അലിക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നോട്ടീസില്‍ പേര് രേഖപ്പെടുത്തിയിരുന്നെങ്കിലും സി.പി.എം നേതാക്കളും മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ള ഇടത് ജനപ്രതിനിധികളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.