പെരിന്തല്‍മണ്ണ നഗരസഭ: സുസ്ഥിര വികസനത്തിലൂന്നി അഞ്ചാം പദ്ധതിക്ക് തുടക്കം

പെരിന്തല്‍മണ്ണ: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സുസ്ഥിര വികസനത്തിലൂന്നി ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ രൂപവത്കരിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ കര്‍മസമിതി പൊതുയോഗത്തില്‍ ധാരണയായി. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഫണ്ട് വീതം വെക്കാതെ നഗരസഭയെ ഒറ്റ യൂനിറ്റായി കണക്കാക്കി എല്ലാ മേഖലകളിലെയും ആവശ്യങ്ങള്‍ സമഗ്രമായി പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉല്‍പാദനമേഖലയുടെ സ്ഥായിയായ വളര്‍ച്ചക്ക് പ്രേത്സാഹനം നല്‍കാന്‍ ഭക്ഷ്യവിളകള്‍, പാല്‍, മുട്ട, മത്സ്യം, മാസം എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഉല്‍പന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിപണനം എന്നിവക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. പരിസ്ഥിതി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ പദ്ധതികള്‍ നടപ്പാക്കും. മാലിന്യ പരിപാലനത്തിന് കര്‍മപദ്ധതി രൂപവത്കരിച്ച് ആരോഗ്യ സേനയുടെ സഹായത്തോടെ സമ്പൂര്‍ണ ആരോഗ്യനഗരമാക്കി പെരിന്തല്‍മണ്ണയെ മാറ്റും. ഇതിനാവശ്യമായ തുക വകയിരുത്തും. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കാന്‍ പദ്ധതി വിഭാവനം ചെയ്യും. വൈസ് ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ പത്തത്ത് ആരിഫ്, കെ. മുഹമ്മദ് മുസ്തഫ, എ. രതി, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. കെസി. മൊയ്തീന്‍കുട്ടി സ്വാഗതവും പി.ടി. ശോഭന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.