വേദനിക്കുന്നവരുടെ കൂട്ടായ്മയില്‍ മനംനിറഞ്ഞ് കാഞ്ചനമാല

എ.ആര്‍ നഗര്‍: ഒറ്റപ്പെടലിന്‍െറയും വേദനയുടെയും ദിനങ്ങള്‍ മറന്ന് സൗഹൃദത്തിന്‍െറ ഊഷ്മളതയും കലയുടെ മാധുര്യവും നുകരാന്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. വിധി വീഴ്ചയുടെ രൂപത്തിലവതരിച്ചപ്പോള്‍ നട്ടെല്ല് തകര്‍ന്നവരും ജന്മവൈകല്യം ബാധ്യതയായവരുമൊന്നും ഈ ദിനം മറക്കില്ല. വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ടവര്‍ ആടിയും പാടിയും ഒരു ദിനം കൊണ്ടാടിയപ്പോള്‍ കണ്ടുനിന്നവര്‍ പറഞ്ഞു, ജീവിതത്തില്‍ ഇത്ര നിറഞ്ഞ മനസ്സോടെ കലയാസ്വദിച്ച ദിനമില്ളെന്ന്. വര്‍ഷങ്ങളായി പുറംലോകം കാണാത്തവരുടെ വേദനകളിലേക്ക് ജന്മം മുഴുവന്‍ വേദനയനുഭവിച്ച മലയാളിയുടെ പ്രണയനായിക കാഞ്ചനമാല കൂടിയത്തെിയതോടെ നിരാശപ്പെടാന്‍ സമയമായില്ളെന്ന് അവര്‍ തിരിച്ചറിഞ്ഞു. കുന്നുംപുറം പാലിയേറ്റിവ് സെന്‍ററും എ.ആര്‍ നഗര്‍ പഞ്ചായത്ത് പരിരക്ഷ കൂട്ടായ്മയും ചേര്‍ന്നൊരുക്കിയ ‘സ്നേഹ സമ്പര്‍ക്കം’ പരിപാടിയാണ് സൗഹൃദത്തിനും കലയ്ക്കും വേദനയെ അകറ്റാനാകുമെന്ന് സാക്ഷ്യപ്പെടുത്തിയത്. പാലിയേറ്റിവ് വളന്‍റിയര്‍മാരും വ്യാപാരികളും ക്ളബ് പ്രവര്‍ത്തകരും സമീപ സ്കൂളുകളിലെ വിദ്യാര്‍ഥികളും എന്‍.എസ്.എസ് വളന്‍റിയര്‍മാരുമെല്ലാം നന്മ മനസ്സുമായത്തെിയപ്പോള്‍ ഒറ്റപ്പെടലില്‍ കൂട്ടായിരുന്ന പാട്ടുകള്‍ അവര്‍ മനം തുറന്ന് പാടി, അനുഭവങ്ങള്‍ മറയില്ലാതെ പങ്കുവെച്ചു. ഒപ്പം ചക്ര കസേരയിലിരുന്ന് അതിജീവനത്തിന്‍െറ പാഠങ്ങള്‍ പകര്‍ന്നും പാടിയും മൂര്‍ക്കനാട് നിന്ന് ബദറുസ്സമാനുമത്തെി. പുതിയ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കാന്‍ തീരുമാനിച്ചും അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് ആശംസിച്ചുമാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്. സംഗമത്തിന്‍െറ ഉദ്ഘാടനം വെള്ളരിപ്രാവിനെ പറത്തി ചിത്രകാരി സി.എച്ച്. മാരിയത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് സമൂഹ ചിത്രംവരയില്‍ നിരവധി പേര്‍ പങ്കാളികളായി. ‘വായനപ്പുര’ സാഹിത്യകാരി ശബ്ന പൊന്നാടും പാലിയേറ്റിവ് ലൈബ്രറി സാഹിത്യകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നും ഡോ. ജോസ്ന മെമോറിയല്‍ മെഡിക്കല്‍ ലൈബ്രറി കുന്നുംപുറം പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി. സാന്ദ്രയും ഉദ്ഘാടനം ചെയ്തു. ഡോ. ഷാജി മേലാറ്റൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.