പാന്‍മസാല വില്‍പന: നഗരസഭ ജനകീയ ഇടപെടലിന്

പെരിന്തല്‍മണ്ണ: പാന്‍മസാല വില്‍പന തടയാന്‍ ജനകീയ ഇടപെടല്‍ നടത്താന്‍ പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജനകീയ ഇടപെടല്‍ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടത്തും. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കളികളാക്കിയാകും നടപടി സ്വീകരിക്കുക. പാന്‍മസാല വില്‍പന വിദ്യാലയങ്ങളുടെ 400 മീറ്റര്‍ അകലെയാക്കാന്‍ നടപടിയെടുക്കും. സ്കൂള്‍ ഹോസ്റ്റലുകള്‍ക്കും ഈ ദൂരപരിധി ബാധകമാക്കാനും തീരുമാനിച്ചു. പെരിന്തല്‍മണ്ണ നഗരത്തിലെ യാത്രാക്ളേശം പരിഹരിക്കാന്‍ ടൗണ്‍ ബസ് സര്‍വിസ് ആരംഭിക്കാന്‍ നടപടി വേണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഉള്‍പ്രദേശങ്ങളായ പാലോളിപറമ്പ്, മണ്ണേങ്കഴായ, നവോദയ, എരവിമംഗലം മേഖലയിലേക്കും ബൈപാസ് സ്റ്റാന്‍ഡില്‍ നിന്ന് കക്കൂത്ത്, ചെമ്പംകുന്ന്, മനഴി സ്റ്റാന്‍ഡ് വഴി പെരിന്തല്‍മണ്ണ ടൗണിലേക്കും ബസ് ഓടിക്കണം. പെരിന്തല്‍മണ്ണ ടൗണില്‍നിന്ന് കുന്നപ്പള്ളി, ആശാരിക്കര, കളത്തിലക്കര വഴി റെയില്‍വേ വരെയും നഗരത്തില്‍നിന്ന് മാനത്ത്മംഗലം വഴി ചീരട്ടമണ്ണ, ചാത്തോലിക്കുണ്ട് വരെയും നഗരത്തില്‍നിന്ന് തേക്കിന്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം വരെയും ബസ് സര്‍വിസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കണമെന്നാണ് കിഴിശ്ശേരി മുസ്തഫ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫയെ പി.ടി.എം കോളജ് എന്‍.എസ്.എസ് ക്യാമ്പ് ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചതില്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എം. മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.