ചോക്കാട് പഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പ് : ലീഗും സി.പി.എമ്മും ധാരണയില്‍

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് ചൊവ്വാഴ്ച നടന്ന സ്ഥിരംസമിതി അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ ലീഗും സി.പി.എമ്മും ധാരണയിലത്തെിയതോടെ ലീഗിന് രണ്ട് സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കും. ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിവയുടെ ചെയര്‍മാന്‍ പദവികളാണ് ലീഗിന് ലഭിക്കുക. വികസന കാര്യം സി.പി.എമ്മിനും ലഭിക്കും. വൈസ് പ്രസിഡന്‍റ് കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥിരംസമിതി മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ലീഗിലെ എം. അബ്ദുല്‍ ഹമീദായിരിക്കും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍. നസീമ ബീഗം ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സനാവും. സി.പി.എമ്മിന് ലഭിച്ച വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ എന്‍. റസീനയാവും. ഈ മാസം 15നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. വണ്ടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി ജനുവരി ഒന്നിന് നടന്ന പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്നണി മര്യാദ ലംഘിച്ച് പ്രവര്‍ത്തിച്ച ചോക്കാട്ടെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍ക്കെതിരെ അതത് ജില്ലാ കമ്മിറ്റികളുടെ അച്ചടക്കനടപടി നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥിരംസമിതി തെരഞ്ഞെടുപ്പ് നടന്നത്. ചോക്കാട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിലവിലില്ല. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മധുജോസഫിനെ സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ് സംവിധാനം നിലനിര്‍ത്താന്‍ ശ്രമിക്കാത്തതിനെതിരെയായിരുന്നു നടപടി. രണ്ട് ദിവസം മുമ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ വണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ലീഗുമായി നിലവിലുള്ള അകല്‍ച്ച മാറ്റണമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.