കനത്തചൂടും പവര്‍കട്ടും; ജനം വെന്തുരുകുന്നു

പെരിന്തല്‍മണ്ണ: കുംഭത്തിലെ പൊള്ളുന്ന വെയിലിലും ചൂടുകാറ്റിലും ജനം വെന്തുരുകുന്നു. ഇതിനിടയില്‍ കൂനിന്‍മേല്‍ കുരു പോലെ പവര്‍കട്ട് കൂടി പതിവായതോടെ വേനലിന്‍െറ കാഠിന്യം നാടും നഗരവും അറിഞ്ഞുതുടങ്ങി. മുന്‍വര്‍ഷത്തേക്കാള്‍ കനത്തചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. 37 ഡിഗ്രി സെല്‍ഷ്യസാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണ രേഖപ്പെടുത്തിയ കൂടിയ താപനില. ജലാശയങ്ങള്‍ മിക്കതും വറ്റിവരണ്ടു. പുഴകള്‍ നീര്‍ച്ചാലുകളായി മാറി. കിണറുകളില്‍ വെള്ളം കുറഞ്ഞുതുടങ്ങി. കുംഭമാസം പകുതി കഴിയുന്നതോടെ ചൂട് ഇനിയും കൂടാനാണ് സാധ്യത. സൂര്യാതപം പേടിച്ച് രാവിലെ 11 കഴിഞ്ഞാല്‍ വൈകീട്ട് നാലുവരെ പുറം ജോലികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ ഭയക്കുന്നു. നിര്‍മാണമേഖലയിലാണ് തൊഴിലാളികള്‍ക്ക് ചൂട് കൂടുതല്‍ ഭീഷണിയാകുന്നത്. പുഴകളില്‍ പലയിടത്തും തദ്ദേശ സ്ഥാപനങ്ങള്‍ തടയണ നിര്‍മിച്ചതിനാല്‍ കുടിവെള്ള വിതരണത്തിന് കാര്യമായ തടസ്സം നേരിട്ടിട്ടില്ല. ജല അതോറിറ്റി, ജലനിധി എന്നിവയുടെ പമ്പിങ് സ്റ്റേഷനുകളില്‍ വെള്ളത്തിന്‍െറ അളവില്‍ കാര്യമായ കുറവില്ല എന്നതാണ് ഏക ആശ്വാസം. ചൂട് ശക്തമായതോടെ ശീതള പാനീയ വില്‍പനയിലും പതിന്‍മടങ്ങ് വര്‍ധനയുണ്ട്. നിറം കലര്‍ത്തിയ പാനീയങ്ങളാണ് ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം. ഇവയാകട്ടെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ശീതള പാനീയങ്ങള്‍ വഴി പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. അതിനിടെ അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിതരണം ദിവസം പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തിവെക്കുന്നത് ഒട്ടേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഇടത്തരം സംരംഭകര്‍, ഓഫിസുകള്‍ എന്നിവയെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.