തദ്ദേശ സ്ഥാപനങ്ങളില്‍ ക്വാളിറ്റി ഓഡിറ്റ് നടത്താന്‍ തീരുമാനം

മഞ്ചേരി: തദ്ദേശ മിത്രം പദ്ധതി പ്രകാരം പെര്‍ഫോമന്‍സ് ഗ്രാന്‍ഡിന് അര്‍ഹതയുള്ള പഞ്ചായത്തുകളില്‍ ഗുണമേന്‍മാ പരിശോധനയും നടത്താന്‍ തീരുമാനം. വിലയിരുത്തല്‍ പരിശോധനക്ക് പിന്നാലെയാണിത്. ഇല്ലാത്ത മികവുണ്ടെന്ന് വരുത്തി പെര്‍ഫോമന്‍സ് ഗ്രാന്‍ഡിന് അര്‍ഹത നേടിയോയെന്നും അര്‍ഹതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ തഴയപ്പെട്ടോ എന്നും ഇതിലൂടെ വ്യക്തമാവും. 104 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമാണ് പരിശോധന. പരിശോധകരുടെ പേരുവിവരങ്ങള്‍ ചേര്‍ത്ത് ഉത്തരവിറക്കി. 14 ജില്ലകളിലും ഇതിനായി ക്വാളിറ്റി ഓഡിറ്റ് നടത്തും. കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വിസ് ഡെലിവറി പ്രോജക്ട് (തദ്ദേശ മിത്രം) 2015-16ലെ പെര്‍ഫോമന്‍സ് ഗ്രാന്‍ഡിനായാണ് നേരത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഗ്രാന്‍ഡ് ലഭിക്കും. എന്നാല്‍, റിപ്പോര്‍ട്ട് പരിശോധനയും മാര്‍ക്ക് നല്‍കലും വസ്തുനിഷ്ഠമായി നടന്നോ എന്നതാണ് ക്വാളിറ്റി ഓഡിറ്റിലൂടെ ഉദ്ദേശിക്കുന്നത്. വാര്‍ഷിക പദ്ധതി നിര്‍വഹണവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയത്. തിരുവനന്തപുരം-എട്ട്, കൊല്ലം-ഏഴ്, ആലപ്പുഴ-എട്ട്, പത്തനംതിട്ട-ആറ്, കോട്ടയം-എട്ട്, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂര്‍-ഒമ്പത്, പാലക്കാട്-പത്ത്, മലപ്പുറം-പത്ത്, കോഴിക്കോട് എട്ട്, വയനാട്-മൂന്ന്, കണ്ണൂര്‍-ഒമ്പത്, കാസര്‍കോട്-നാല് എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ച് തദ്ദേശ മിത്രം പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കിയ പഞ്ചായത്തുകള്‍. ഇവക്ക് പുറമെ ആറ് നഗരസഭകളിലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ക്വാളിറ്റി ഓഡിറ്റ് വിഭാഗം പരിശോധിക്കും. രണ്ടിലധികം ഇനങ്ങളില്‍ മാര്‍ക്കില്‍ വ്യത്യാസമുള്ളതായി കണ്ടാല്‍ അക്കാര്യം തദ്ദേശവകുപ്പിനെ അറിയിക്കും. ക്വാളിറ്റി ഓഡിറ്റ് വിഭാഗം തയാറാക്കുന്ന റിപ്പോര്‍ട്ടുമായി പത്ത് ശതമാനത്തിലേറെ വ്യത്യാസം വന്നാല്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഗവ. ഡെപ്യൂട്ടി സെക്രട്ടറി കെ.ആര്‍. പഴനിയമ്മ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.