ചെറുപറമ്പില്‍ ടിപ്പര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു

മലപ്പുറം: മേല്‍മുറി ചെറുപറമ്പില്‍ ചെങ്കല്ല് കയറ്റി വന്ന ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ചെറുപറമ്പ് പള്ളിയാളി ദേവരാജന്‍െറ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. കൊളായി ഭാഗത്തെ ക്വാറിയില്‍നിന്ന് ചെങ്കല്ല് കയറ്റി ആലത്തൂര്‍പടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡില്‍ ഇറക്കവും വളവുമുള്ള ഭാഗത്ത് നിയന്ത്രണം വിടുകയായിരുന്നു. വീടിന്‍െറ ഒരു ഭാഗം തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ലോറിയില്‍ ഡ്രൈവറെ കുടാതെ രണ്ട് തൊഴിലാളികളാണുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറും ഒരു തൊഴിലാളിയും പുറത്തിറങ്ങി. ഇവര്‍ക്ക് നിസാര പരിക്കേയുള്ളൂ. മറ്റൊരു തൊഴിലാളിയായ സലാമിന്‍െറ ഒരു കാല്‍ കാബിനുള്ളില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പരിക്കേറ്റ സലാമിനെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡില്‍ കുത്തനെ ഇറക്കങ്ങളും കൊടും വളവുകളുമുള്ള പ്രദേശത്ത് അപകടം പതിവാണ്. അടുത്ത കാലത്തായി പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്. റോഡിന്‍െറ മുകള്‍ഭാഗത്ത് നിന്ന് ലോഡുമായി വരുന്ന ടിപ്പര്‍ ലോറികളാണ് ഇതില്‍ പകുതിയും അപകടം വരുത്തിയത്. ഇറക്കത്തിലെ വളവുകളില്‍ റോഡിന് സുരക്ഷാഭിത്തിയില്ലാത്തത് ഭീഷണിയാണ്. രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുമ്പോഴും ലോഡ് കയറ്റിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് രക്ഷിതാക്കളെയും ഭീതിയിലാക്കുന്നുണ്ട്. അപകട ഭീഷണിയുള്ള വളവുകളില്‍ സുരക്ഷാ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.