ഓടക്കയത്ത് ആദിവാസി ക്ഷേമസമിതി നിരാഹാര സമരത്തിന്

ഊര്‍ങ്ങാട്ടിരി: ഓടക്കയത്തെ ആദിവാസി കോളനിക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതില്‍ അധികൃതരുടെ അനാസ്ഥക്കെതിരെ ആദിവാസി യുവാക്കള്‍ സമരത്തിനൊരുങ്ങുന്നു. ആദിവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ മുപ്പതോളം യുവാക്കള്‍ കലക്ടറേറ്റിനു മുന്നില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. കൊടുമ്പുഴ, ഈന്തുംപാലി, കുരീരി, നെല്ലിയായി, മാങ്കുളം, വരിക്കല്‍, കല്ലറ, തേക്കുങ്ങല്‍ എന്നീ എട്ട് കോളനികളിലായി ആയിരത്തോളം ആദിവാസികളാണ് താമസിക്കുന്നത്. അഞ്ചുകിലോമീറ്റര്‍ ദൂരം വരുന്ന ചെങ്കുത്തായ റൂബിപ്പള്ളി റോഡിന് ഇനിയും ശാപമോക്ഷമായില്ല. കാല്‍നടയാത്രക്കുപോലും സാധ്യമല്ലാത്ത കുഴികളും ചാലുകളും ഉരുളന്‍ കല്ലുകളുമുള്ള റോഡിന് 6.25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങളായി. എന്നാല്‍, തുടര്‍നടപടികള്‍ ഒന്നും തന്നെയായിട്ടില്ല. സാങ്കേതികാനുമതി ലഭിച്ചാലേ ടെന്‍ഡര്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, ആദിവാസികള്‍ക്ക് സഞ്ചാര സൗകര്യം പോലും നിഷേധിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇവിടെയുള്ളത്. വെറ്റിലപ്പാറ, ഓടക്കയം അങ്ങാടികളില്‍നിന്ന് വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഇന്നും തലച്ചുമടായിട്ടാണ് കിലോമീറ്ററുകള്‍ തണ്ടി ആദിവാസികള്‍ കുടിലുകളിലത്തെിക്കുന്നത്. ഈ റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. കോളനികളില്‍ കുടിവെള്ളമത്തെിക്കുക, അന്യാധീനപ്പെട്ട ഭൂമി ഭൂമാഫികളുടെ കൈകളില്‍നിന്ന് തിരിച്ചുപിടിക്കുക, തൊഴിലാളി സഹകരണ സംഘം രൂപവത്കരിക്കുക, ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം സ്വന്തമായി ഭൂമി വാങ്ങി നിര്‍മിക്കുക, വീട്ടികുണ്ട്-ഈന്തുംവാലി റോഡ് പണി പൂര്‍ത്തിയാക്കുക, ഓടക്കയം-കൊടുമ്പുഴ-കല്ലറ റോഡ് ഗതാഗത യോഗ്യമാക്കുക, മുഴുവന്‍ കോളനികളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, പണി തീരാത്ത വീടുകള്‍ താമസയോഗ്യമാക്കുക, മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുക, എല്ലാവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുക, ശുചിത്വമുള്ള കക്കൂസുകള്‍ നിര്‍മിച്ചു നല്‍കുക, അങ്കണവാടികള്‍ക്ക് കെട്ടിടമുണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനാണ് നിരാഹാര സമരത്തിലേക്കിറങ്ങുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും നിരാഹാര സമരത്തിനൊരുങ്ങുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ കോളനികളിലത്തെുകയും അദാലത്ത് സംഘടിപ്പിക്കുകയുമുണ്ടായി. എന്നാല്‍, തുടര്‍നടപടികള്‍ക്ക് കാലതാമസം ഉണ്ടാകുന്നെന്ന് ആദിവാസിക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ റിലേ നിരാഹാര സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.