കൈയേറ്റ ഭൂമിയില്‍ കൃഷിക്ക് അനുമതി: വനംവകുപ്പ് അപ്പീലിന്

നിലമ്പൂര്‍: എടവണ്ണ റെയ്ഞ്ചില്‍ എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ നെടുഞ്ചേരി മലവാരത്തില്‍ വനംവകുപ്പ് ഒഴിപ്പിച്ച ഭൂമിയില്‍ ഉടമക്ക് കൃഷിയിറക്കാന്‍ അനുവാദം നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ വനംവകുപ്പ് അപ്പീലിന്. ഈ സ്ഥലത്തെ കൃഷി വനംവകുപ്പ് തടയരുതെന്ന് നിര്‍ദേശിച്ച ഹൈകോടതി, ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കപരിഹാരത്തിന് കോഴിക്കോട് ഫോറസ്റ്റ് കോടതിയില്‍ ഹരജി നല്‍കാന്‍ കൈവശക്കാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, 2015 നവംബറില്‍ ഇറങ്ങിയ ഉത്തരവിനെതിരെ ഇതുവരെ വനംവകുപ്പ് അപ്പീല്‍ പോകാതിരുന്നത് വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. മമ്പാട് സ്വദേശി കൊച്ചുമുറ്റത്തില്‍ ബെന്നിതോമസും ബന്ധുക്കളും കൈവശം വെച്ചിരുന്ന 32 ഏക്കര്‍ ഭൂമിയാണ് കൈയേറ്റ ഭൂമിയാണെന്ന് കണ്ടത്തെി 2014 ജൂലൈയില്‍ വനംവകുപ്പ് ഒഴിപ്പിച്ചത്. ഇതില്‍ എട്ടേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ബാക്കിയുള്ള കൈയേറ്റ ഭൂമിയാണ് അന്നത്തെ ഡി.എഫ്.ഒ കെ.കെ. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ വനംവകുപ്പ് തിരിച്ചുപിടിച്ചത്. വനം കൈയേറ്റം, വനാതിര്‍ത്തി മാറ്റി വനത്തിലെ മരങ്ങള്‍ മുറിച്ച് കൃഷി ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. നെടുഞ്ചീരി മലവാരത്തിലെ നിക്ഷിപ്ത വനത്തില്‍നിന്ന് മരങ്ങള്‍ മുറിച്ചതിന് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനില്‍ 2013ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍െറ അന്വേഷണത്തില്‍ വനഭാഗത്തോട് ചേര്‍ന്ന് ആദിവാസികള്‍ വനഭൂമി കൈവശം വെച്ച് വരുന്നതായി കണ്ടത്തെി. തുടര്‍ന്ന് സര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ആദിവാസി ദലിത് ഫ്രണ്ട് (എ.ഡി.എഫ്) എന്ന സംഘടന ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി കൃഷി ചെയ്യുന്നതായി ഡി.എഫ്.ഒക്ക് പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ കേസെടുത്ത് വനാതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ 62 ഏക്കര്‍ നിക്ഷിപ്ത വനം ആദിവാസികള്‍ ഉള്‍പ്പെടെ കൈവശം വെക്കുന്നതായി കണ്ടത്തെി. തുടര്‍ന്നുള്ള സര്‍വേയിലാണ് മമ്പാട് സ്വദേശിയുടെ കൈയേറ്റം കണ്ടത്തെി ഒഴിപ്പിച്ചത്. തിരിച്ചുപിടിച്ച ഭൂമിക്ക് ചുറ്റും വനംവകുപ്പ് അതിര്‍ത്തി ജണ്ടകളും പ്രവേശം നിഷേധിച്ച് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. അതേസമയം, കോഴിക്കോട് ഫോറസ്റ്റ് കോടതിയില്‍ ഹരജി നല്‍കാതെ തന്നെ കൈയേറ്റ ഭൂമിയില്‍ സ്വകാര്യവ്യക്തി കൃഷിക്ക് നിലമൊരുക്കല്‍ തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.