സമാധാന സമരം ബലഹീനതയായി കാണരുതെന്ന് കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതി

കൊണ്ടോട്ടി: വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ് വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. സ്ഥലം വിട്ടു നല്‍കില്ളെന്ന സമരസമിതിയുടെ ഉറച്ച നിലപാടാണ് ഇതിന് കാരണം. ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ സ്പെഷല്‍ തഹസില്‍ദാറുടെ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലാണ് സമരസമിതിയും ഡെപ്യൂട്ടി കലക്ടറും തമ്മില്‍ ചര്‍ച്ച നടന്നത്. ഇരകളുടെ പുനരധിവാസത്തിനുള്ള സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിന്‍െറ അടിസ്ഥാനത്തില്‍ ഇത് കാണാന്‍ ഇരകള്‍ തയാറാവണമെന്ന് ഇദ്ദേഹം സമരക്കാരോട് നിര്‍ദേശിച്ചു. ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന ആവശ്യം. സ്ഥലം വിട്ടുനല്‍കാന്‍ ആരും തയാറല്ലാത്തതിനാല്‍ പുനരധിവാസ ചര്‍ച്ചക്ക് പ്രസക്തിയില്ളെന്നും സമാധാന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സമാധാന സമരത്തെ സമിതിയുടെ ബലഹീനതയായി കാണരുതെന്നും നേതാക്കള്‍ പറഞ്ഞു. ആനക്കയം, വണ്ടൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഭൂമിക്കച്ചവടക്കാര്‍ക്ക് ഇവിടെ ഏതാനും സ്ഥലങ്ങളുണ്ട്. ഇവരാണ് ഭൂമി വിട്ടു നല്‍കാന്‍ താല്‍പര്യം കാണിക്കുന്നത്. ഉന്നയിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് സ്പഷല്‍ തഹസില്‍ദാര്‍ സമരക്കാരെ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, സ്പെഷല്‍ തഹസില്‍ദാര്‍ രതി, വാല്യുവേഷന്‍ അസിസ്റ്റന്‍റുമാരായ സുബ്രഹ്മണ്യന്‍, അബ്ദുല്‍ ഹക്കീം എന്നിവര്‍ സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നും സമരസമിതി നേതാക്കളായ ചുക്കാന്‍ ബിച്ചു, ജാസിര്‍, മൂസക്കുട്ടി, അബ്ദുറഹ്മാന്‍ ചിറയില്‍, നൗഷാദ് മേലങ്ങാടി എന്നിവരടക്കം 50ഓളം പേര്‍ ഇരകളുടെ ഭാഗത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.