മലപ്പുറം നഗരസഭയില്‍ പ്ളാസ്റ്റിക്കിന് പിടിവീഴുന്നു

മലപ്പുറം: 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കാനോ കടകളില്‍ സൗജന്യമായി നല്‍കാനോ പാടില്ളെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ നഗരസഭയില്‍ നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതുപ്രകാരം 50 മൈക്രോണില്‍ കൂടുതലുള്ള പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ മാത്രമേ കച്ചവട സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. 50 മൈക്രോണില്‍ കൂടുതലുള്ള ബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം 4,000 രൂപ മുതല്‍ നഗരസഭ ഈടാക്കും. പൊതുസ്ഥലങ്ങളില്‍ പ്ളാസ്റ്റിക് കത്തിക്കരുത്, തെര്‍മോകോള്‍ പ്ളേറ്റുകളും കപ്പുകളും സ്ട്രോകളും ഉപയോഗിക്കരുത്, റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഇതോടൊപ്പം പ്രാബല്യത്തില്‍വന്നു. വ്യാപാര സ്ഥാപനങ്ങള്‍ പ്ളാസ്റ്റിക് ക്യാരിബാഗുകള്‍ സൗജന്യമായി നല്‍കില്ളെന്ന് മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന് സര്‍ക്കുലറിലുണ്ട്. തെരുവുകച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് വരെ ഉത്തരവ് ബാധകമാണ്. അതേസമയം, പുതിയ തീരുമാനം നടപ്പാകുമ്പോള്‍ നഗരസഭയിലെ കച്ചവടക്കാരില്‍നിന്ന് വ്യാപക എതിര്‍പ്പ് ഉയരാന്‍ ഇടയുണ്ടെന്ന അഭിപ്രായം കൗണ്‍സിലര്‍മാര്‍ പങ്കുവെച്ചു. ഇതുതടയാന്‍ വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.