മലപ്പുറം ഗവ. വനിത കോളജ് : സംരക്ഷണ സമിതി രൂപവത്കരിച്ചു

മലപ്പുറം: മലപ്പുറം ഗവ. വനിത കോളജിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന സമിതി രൂപവത്കരിച്ചു. സ്ഥലം എം.എല്‍.എ പി. ഉബൈദുല്ലയാണ് മുഖ്യരക്ഷാധികാരി. നഗരസഭാധ്യക്ഷ സി.എച്ച് ജമീല കണ്‍വീനറും പ്രിന്‍സിപ്പല്‍ ഡോ. ഗീത നമ്പ്യാര്‍ കണ്‍വീനറുമാണ്. കോളജിന്‍െറ സ്ഥലം വിട്ടുകിട്ടലും കെട്ടിട നിര്‍മാണവും വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ടവരില്‍ സമ്മര്‍ദം ചെലുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗത്തില്‍ തീരുമാനമായി. നിലവില്‍ കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടിലെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഇവിടെ നിന്ന് ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട്. പകരം സംവിധാനമില്ലാത്തതിനാല്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് പി.ടി.എ യോഗം ചേര്‍ന്നത്. പാണക്കാട്ട് ഇന്‍കെല്‍ കാമ്പസില്‍ കോളജിനായി അനുവദിച്ച സ്ഥലം കൈമാറുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് എം.എല്‍.എയില്‍ നിന്ന് ഉറപ്പു ലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സ്വന്തം കെട്ടിടമുണ്ടാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്നിരിക്കെ ബദല്‍ സംവിധാനമൊരുക്കുന്നതിന് നഗരസഭ മുന്‍കൈയെടുക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെയും സന്നദ്ധ സംഘടനകളെയും സമിതിയുമായി സഹകരിപ്പിച്ച് കോളജിന്‍െറ നിലനില്‍പ്പിന് ഏതറ്റം വരെയും പോവാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.