മലപ്പുറം ഗവ. വനിത കോളജ് : വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ഗവ. വനിത കോളജിന്‍െറ ദുരിതാവസ്ഥക്ക് പരിഹാരം തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന്. സ്കൂള്‍ കോമ്പൗണ്ടിലെ കെട്ടിടം ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനാല്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണിവര്‍. ചൊവ്വാഴ്ച ചേരുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കോളജിലെ എട്ട് ക്ളാസ്മുറികളും ഓഫിസും സ്റ്റാഫ് റൂമുമാണ് സ്കൂളിനോട് ചേര്‍ന്ന് മൂന്ന് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. സ്കൂളിന് പുതുതായി അനുവദിച്ച കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് ഈ സ്ഥലത്തായതിനാല്‍ കോളജ് ഇവിടെ നിന്ന് എത്രയും വേഗം മാറ്റേണ്ടതുണ്ട്. 2015ല്‍ ഇവിടെ ക്ളാസ് ആരംഭിക്കുമ്പോള്‍ ഒരു കൊല്ലത്തേക്കാണ് സ്കൂളില്‍നിന്ന് അനുമതി വാങ്ങിയിരുന്നത്. അടുത്ത കൊല്ലം ക്ളാസ് മുറികളുടെ എണ്ണം 12 ആവും. ഇത്രയും ക്ളാസ്മുറികളും ലാബുകളും ഓഫിസുമുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ സൗകര്യമുള്ള കെട്ടിടം മലപ്പുറത്തും പരിസരത്തും കിട്ടാനില്ല.പാണക്കാട്ട് കോളജിന് അനുവദിച്ച സ്ഥലം വിട്ടുകിട്ടി കെട്ടിടം നിര്‍മിച്ചെടുക്കാന്‍ സമീപകാലത്തൊന്നും കഴിയാത്ത സ്ഥിതിയാണെന്നിരിക്കെ കോളജിന്‍െറ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വന്തമായി ലാബില്ലാത്തതിനാല്‍ മലപ്പുറം ഗവ. കോളജിനെയും കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിനെയുമാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത്. ഇവര്‍ അവസാന വര്‍ഷക്കാരാവുമ്പോള്‍ മുഴുവന്‍ സമയവും ലാബ് ആവശ്യമായതിനാല്‍ മറ്റു കോളജുകളിലേക്ക് പോവുന്നത് പ്രയാസം സൃഷ്ടിക്കും. ലബോറട്ടറിയും കെട്ടിടവും അടിയന്തരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ആഗസ്റ്റില്‍ തെരുവിലിറങ്ങിയിരുന്നു. രക്ഷിതാക്കളും ഈ ആവശ്യമുന്നയിച്ച് ജനകീയ സമരത്തിനൊരുങ്ങുകയാണ്. അതേസമയം, കുട്ടികളെ വഴിയാധാരമാക്കില്ളെന്ന് പി. ഉബൈദുല്ല എം.എല്‍.എ പ്രതികരിച്ചു. സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ ജില്ല കലക്ടറോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങള്‍ക്ക് വേഗം കുറയുകയായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റിയെന്നതാണ് പുതിയ സര്‍ക്കാര്‍ ചെയ്ത ഏക കാര്യം. ബോയ്സ് കോമ്പൗണ്ടില്‍ത്തന്നെ തല്‍ക്കാലം തുടരാനാവുമോയെന്ന് പരിശോധിക്കും. അല്ലാത്ത പക്ഷം നഗരസഭയുമായി ചേര്‍ന്ന് ബദല്‍ സംവിധാനത്തെപ്പറ്റി ആലോചിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.