പുലാമന്തോള്‍ ടൗണ്‍ നവീകരണം: എം.എല്‍.എയും സംഘവും സ്ഥലം സന്ദര്‍ശിച്ചു

പുലാമന്തോള്‍: ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി മഞ്ഞളാംകുഴി അലി എം.എല്‍.എയും സംഘവും പുലാമന്തോള്‍ ടൗണ്‍ സന്ദര്‍ശിച്ചു. അനധികൃത കൈയേറ്റം ഒഴിപ്പിച്ച ഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ സജീവും കൂടെയുണ്ടായിരുന്നു. നവീകരണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങണമെന്ന് പൊതുജനം പരാതി അറിയിച്ചു. മഞ്ഞളാംകുഴി അലി നഗര വികസനകാര്യ മന്ത്രിയായിരിക്കെ കഴിഞ്ഞ ഡിസംബറിലാണ് പുലാമന്തോള്‍ ടൗണ്‍ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചത്. ടൗണ്‍ നവീകരണത്തിന് 15 ലക്ഷം നേരത്തേയും അനുവദിച്ചിരുന്നു. എന്നാല്‍, അപകട വളവുകള്‍ നികത്തിയുള്ള സംസ്ഥാനപാത നവീകരണത്തിന് കെ.എസ്.ടി.പി തുടക്കമിട്ടതിനെ തുടര്‍ന്ന് ടൗണ്‍ നവീകരണം മാറ്റിവെക്കുകയായിരുന്നു. കെ.എസ്.ടി.പി പദ്ധതി അനിശ്ചിതത്വത്തിലായതോടെയാണ് വീണ്ടും 35 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്. ഫണ്ട് തികയാതെ വരുന്ന പക്ഷം കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. നവീകരണ പ്രവൃത്തികള്‍ക്ക് നിലവില്‍ അനുവദിച്ച 35 ലക്ഷത്തിന് പുറമെ 50 ലക്ഷം കൂടി അനുവദിക്കേണ്ടി വരുമെന്ന് പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു. എ.ഇക്ക് പുറമെ പുലാമന്തോള്‍ യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞിമുഹമ്മദ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി. ജമാല്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്തംഗം കെ.ടി. ഇസ്സുദ്ദീന്‍, കെ.കെ. ഹംസക്കുട്ടി ഹാജി, വി.കെ. നൗഷാദ്, പി.കെ. ഖാലിദ്, സമദ് ഏലംകുളം എന്നിവര്‍ അനുഗമിച്ചു. തുടര്‍ന്ന്, പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.